കോട്ടയം: നഗരത്തിൽ ഇനി മീറ്റർ ചാർജിന് ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യാം. ഇതുവരെ നിരവധി ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടും നടക്കാതെ പോയ ഓട്ടോ മീറ്റർ ജില്ലാ കളക്ടർ പി.കെ.സുധീർബാബു നടപ്പാക്കി. ജില്ലാ ഭരണകൂടത്തിനു മുന്നിൽ ഉപാധികളോടെ ഓട്ടോഡ്രൈവർമാർ കീഴടങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാനുള്ള തീരുമാനം തൊഴിലാളി യൂണിയൻ പ്രതിനിധികൾ കളക്ടറുമായി നടത്തിയ ചർച്ചയിൽ അറിയിക്കുകയായിരുന്നു. നഗരത്തിലെ ഓട്ടോറിക്ഷകൾക്കു മീറ്റർ വേണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ നടപ്പായത്.
യാത്രക്കാർ കയറിയാലുടൻ മീറ്റർ പ്രവർത്തിച്ചു തുടങ്ങും. തീരുമാനമനുസരിച്ച് ഒന്നര കിലോമീറ്റർ വരെ മിനിമം ചാർജായ 25 രൂപയ്ക്ക് ഓടും. ഓട്ടോറിക്ഷ തൊഴിലാളികൾ കഴിഞ്ഞ ആറു ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിക്കുകയും ഇന്നലെ ഉച്ചയോടെ സർവീസ് പുനരാരംഭിക്കുകയും ചെയ്തു. മിനിമം ചാർജും അതിന്റെ 50 ശതമാനം കൂട്ടിയും വാങ്ങാൻ അനുവദിക്കണമെന്നു യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സർക്കാർ പരിഗണനയ്ക്കു വിടാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടെങ്കിലേ നടപ്പിലാക്കാൻ കഴിയൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
റിട്ടേണ് സാധ്യതയില്ലാത്ത സ്ഥലങ്ങളിൽനിന്നു മിനിമം ചാർജു കഴിഞ്ഞുള്ള ബാക്കി തുകയുടെ പകുതിയും വാങ്ങാം. ഇത്തരം ഓട്ടങ്ങൾക്ക് മീറ്റർ നിരക്കിന്റെ അന്പതു ശതമാനം അധികമായി ലഭിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്ന് കളക്ടർ അറിയിച്ചു. നഗരപരിധി നിർണയിക്കുന്നതിനു സർക്കാരിന്റെ അനുമതിയ്ക്കായി ആർടിഒയെ ചുമതലപ്പെടുത്തി. നിലവിൽ, പഴയ കുമാരനല്ലൂർ, നാട്ടകം പഞ്ചായത്തു വരുന്ന പ്രദേശങ്ങളിലെ ഓട്ടോറിക്ഷകളെ നഗരപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
നഗരപെർമിറ്റില്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ നിന്നു യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. കളക്ടർ പി.കെ. സുധീർബാബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, ഡെപ്യൂട്ടി കളക്ടർ അലക്സ് ജോസഫ്, ആർടിഒ വി.എം. ചാക്കോ, വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചു ഫിലിപ്പ് ജോസഫ്, പി.ജെ. വർഗീസ്, സുനിൽ തോമസ്, എം.പി. സന്തോഷ്കുമാർ, സാബു പുതുപ്പറന്പിൽ, പി.എസ്. തങ്കച്ചൻ, എ.ജെ. തോമസ്, ടി.എം. നളിനാക്ഷൻ, ജോഷി ജോസഫ്, ടോണി തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അതേസമയം ഡ്രൈവർമാർ പ്രതിഷേധത്തിൽ തന്നെയാണ്. മീറ്റർ ഘടിപ്പിച്ച് സർവീസ് നടത്തുന്നത് വൻനഷ്്ടമുണ്ടാകുമെന്നാണു ഒരുവിഭാഗം ഡ്രൈവർമാർ പറയുന്നത്. മീറ്റർ ഘടിപ്പിച്ചാലും മീറ്റർ പ്രവർത്തിക്കുന്നത് സംബന്ധിച്ച് വീണ്ടും തർക്കങ്ങൾ ഉടലെടുക്കുക സ്വഭാവികം. മീറ്റർ ഘടിപ്പിച്ച് മോട്ടോർ വാഹന പരിശോധനയിൽനിന്നും രക്ഷപെടാമെങ്കിലും പ്രവർത്തിപ്പിക്കില്ലെന്നാണു ഒരു വിഭാഗം ഡ്രൈവർമാരുടെ നിലപാട്.