തുറവൂർ: അരൂർ ഉപതെരഞ്ഞെടുപ്പിൽ ആവേശക്കാറ്റായി സ്ഥാനാർഥികളും നേതാക്കളും. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നേതാക്കൾ പങ്കെടുക്കുന്ന കുടുബ സംഗമങ്ങളും കോർണർ യോഗങ്ങളും വൻ ആവേശമാണ് അണികളിൽ ഉണ്ടാക്കുന്നത്. ദൃശ്യ മാധ്യമങ്ങളിൽ മാത്രം കണ്ടിട്ടുള്ള നേതാക്കൾ ഗ്രാമങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത് സാധാരണക്കാർക്കും കൗതുകമുണ്ടാക്കുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഇന്നസെന്റ് തുടങ്ങിയ നേതാക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ പെണ്കുട്ടികളുൾപ്പെടെയുള്ളവരുടെ തിരക്കാണ്.
മുന്നണികളുടെ കുടുബയോഗങ്ങളിൽ വൻ ജനസാന്നിദ്ധ്യമാണ് കാണുന്നത്. ഇത് നേതാക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നാർഥികളുടെ രണ്ടാംഘട്ട പര്യടനം തുടരുകയാണ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഇന്നലത്തെ പ്രചരണ പരിപാടി പെരുന്പളത്ത് നിന്നും ആരംഭിച്ചു. ആരാധാനാലയങ്ങൾ, ചെറുകിട വ്യാപാരശാലകൾ വ്യവസായ സ്ഥാപനങ്ങൾ, തുടങ്ങിയവ സന്ദർശിച്ചു.
ഉച്ചയ്ക്കുശേഷം തൈക്കാട്ടുശേരി ബ്ലോക്കിലെ അരൂക്കുറ്റി അങ്ങാടിയിൽ നിന്നും ആരംഭിച്ച സ്വീകരണ പരിപാടി മുൻ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പാണാവള്ളി സൗത്ത്, പാണാവള്ളി നോർത്ത്, തൈക്കാട്ടുശേരി, പൂച്ചാക്കൽ, പള്ളിപ്പുറം സൗത്ത് മണ്ഡലങ്ങളിലെ ഇരുപത് കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തിരുനെല്ലൂർ സ്കൂളിന് സമീപം സമാപിച്ചു.
എൽഡിഎഫ് സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ ഇന്നലത്തെ പര്യടനം പ്രധാനമായും അരൂക്കുറ്റി, പള്ളിപ്പുറം നോർത്ത്, സൗത്ത് മേഖലകളിലായിരുന്നു. എൻഡിഎ സ്ഥാനാർഥി പ്രകാശ്ബാബു ഇന്നലെ രാവിലെ തുറവൂർ മഹാക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കോടംതുരുത്ത് പഞ്ചായത്തിലെ കരുമാഞ്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലും സന്ദർശനം നടത്തി.
തുടർന്ന് വട്ടേക്കാൽ മുക്ക് കോട്ടാത്ത് കോളനിയിലും എത്തി വോട്ട് അഭ്യർഥിച്ചു. ഉച്ചയ്ക്ക് ശേഷം അരൂക്കുറ്റി പഞ്ചായത്ത്, പാണാവള്ളി വടക്കൻ മേഖല എന്നിവിടങ്ങളിലെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു. ഇന്ന് രാവിലെ പള്ളിപ്പുറം പഞ്ചായത്തിൽ നടക്കുന്ന റോഡ് ഷോയിലും ഉച്ചയ്ക്ക് ശേഷം അരൂർ പഞ്ചായത്തിലെ സ്വീകരണ പരിപാടികളിലും പ്രകാശ്ബാബു പങ്കെടുക്കും.