തുറവൂർ: നൂറു കണക്കിന് പാവപ്പെട്ടവരും കർഷക തൊഴിലാളികളും വെടിയേറ്റു മരിച്ച വയലാർ വെടിവെയ്പിന് നേതൃത്വം നൽകിയ ദിവാൻ സർ സിപി യുടെ പട്ടാളത്തിന് വിരുന്നൊരുക്കിയ കുടുംബമാണോ അരൂരിലെ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയുടേതെന്ന് ഇടതുപക്ഷം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർഥിത്വം കമ്യൂണിസ്റ്റുകാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ പ്രചരണാർഥം ചാവടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ കുഞ്ഞിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. കെ.വി. തോമസ്, എം.ലിജു, സി.ആർ. ജയപ്രകാശ്, സി.ആർ. മഹേഷ്, മാത്യൂ കുഴൽനാടൻ ,എ.എ. ഷുക്കൂർ, ടി.വി. രാജൻ, ഭാനുപ്രകാശ്, കളത്തിൽ വിജയൻ എന്നിവർ പ്രസംഗിച്ചു.