കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട നിർണായക രേഖ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായെന്ന് സംശയം. പാലം നിർമിച്ച ആർഡിഎസ് കന്പനിക്ക് മുൻകൂർ പണം നൽകാൻ ഉത്തരവിട്ട നോട്ട് ഫയലാണ് അപ്രത്യക്ഷമായത്. നോട്ട് ഫയൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഫയൽ വകുപ്പിൽ നിന്നും നേരത്തെ തന്നെ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ.
പാലം നിർമാണ കരാർ കന്പനിയായ ആർഡിഎസിന് മുൻകൂറായി 8.25 കോടി നൽകാൻ മന്ത്രി ഉത്തരവിട്ട ഫയലാണിത്. ഈ തുക ആവശ്യപ്പെട്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ആർഡിഎസ് കന്പനി ആദ്യം അപേക്ഷ നൽകിയത്. ഈ അപേക്ഷ അവർ പൊതുമരാമത്ത് സെക്രട്ടറിക്ക് നൽകി.
പൊതുമരാമത്ത് സെക്രട്ടറിയാണ് പണം നൽകാൻ നിർദ്ദേശിച്ച് റോഡ് ഫണ്ട് ബോർഡിന് അപേക്ഷ നൽകിയത്. റോഡ് ഫണ്ട് ബോർഡ് അപേക്ഷ പിന്നീട് മന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചു. മന്ത്രി ഫയലിൽ തന്റെ കുറിപ്പ് രേഖപ്പെടുത്തി അയച്ച ശേഷമാണ് കന്പനിക്ക് പാലം പണിയുന്നതിന് മുൻപ് തന്നെ ഭീമമായ തുക കിട്ടയത്.
അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തെളിയിക്കുന്ന നിർണായ രേഖയാണ് നഷ്ടമായതെന്നാണ് വിജിലൻസ് വാദം. നോട്ട് ഫയൽ വകുപ്പിലുണ്ടെങ്കിൽ നൽകണമെന്നും അല്ലെങ്കിൽ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്നും നഷ്ടപ്പെട്ടെങ്കിൽ എങ്ങനെ എന്നുമാണ് വിജിലൻസ് ആരാഞ്ഞിരിക്കുന്നത്.