നിലന്പൂർ: നഗരസഭാ പരിധിയിൽ കെട്ടിട നിർമാണങ്ങളുടെ മറവിൽ കെട്ടിട ഉടമകളുമായി ചേർന്ന് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തുന്നുവെന്നാരോപണം നിലനിൽക്കെ, പുതിയതായി നിർമിച്ച രണ്ട് മൂന്നുനില കെട്ടിടങ്ങളുടെ നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. തിങ്കളാഴ്ച നിലന്പൂർ നഗരസഭയിൽ വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡിലാണ് ക്രമക്കേട് തെളിയിക്കുന്ന സുപ്രധാന രേഖകൾ പിടിച്ചെടുത്തത്.
ഇതിന്റെ മറവിൽ ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈപ്പറ്റിയതിന്റെയും തെളിവ് ലഭിച്ചതായും വിജിലൻസ് വിഭാഗം സൂചന നൽകുന്നു. നഗരസഭാ പരിധിയിലെ കെട്ടിടനിർമാണങ്ങൾ, റോഡ് പ്രവർത്തികളുമായി ബന്ധപ്പെട്ട ടെണ്ടറുകൾ എന്നിവ ക്രമവിരുദ്ധമായി നടത്തി എന്ന ആരോപണത്തിന് വിധേയനായ ഉദ്യോഗസ്ഥൻ തന്നെയാണ് അനധികൃത കെട്ടിടങ്ങൾക്കും അനുമതി നൽകിയിരിക്കുന്നതും.
ഒറ്റനോട്ടത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തുന്ന രീതിയിലാണ് നിർമാണം. മൂന്ന് സെന്റിന് താഴെയുള്ള കെട്ടിടങ്ങൾക്ക് നൽകുന്ന ഇളവുകൾ മറയാക്കിയാണ് ഉദ്യോഗസ്ഥർ ക്രമക്കേടിന് കളമൊരുക്കിയത്. മലപ്പുറം വിജിലൻസ് എസ്ഐ എം. ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ മണിക്കൂറുകൾ നീണ്ടു നിന്ന പരിശോധനയിലാണ് ക്രമക്കേടുകൾ വ്യക്തമാക്കുന്ന ഫയലുകൾ പിടിച്ചെടുത്തത്. നിലന്പൂരിലെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ വിജിലൻസ് വിഭാഗം നടത്തുന്ന അഞ്ചാമത്തെ പരിശോധനയാണിത്.
നിലന്പൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുണ്ടായിരുന്ന പഴയ പെട്രോൾ പന്പ് പൊളിച്ച് നിർമിച്ച മൂന്ന് നില കെട്ടിടങ്ങളുടെ നിർമാണത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ച് നീക്കേണ്ടി വരും. എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. പരിശോധനയുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് വിജിലെൻസ് ഡയറക്ടർക്ക് നൽകുമെന്ന് പരിശോധനക്ക് നേതൃത്വം ദൽകിയ എം.ഗംഗാധരൻ രാഷ്ട്രദീപികയോട് പറഞ്ഞു.
എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെട്ടിടങ്ങളിലും വിജിലൻസ് പരിശോധന നടത്തി. എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ സാന്പത്തിക സ്രോതസുകളും അന്വേഷിക്കുമെന്നാണ് അറിയുന്നത്.
അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെ വിജിലൻസ് പരിശോധന നടക്കും. ഗ്രാമ പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ വിജിലൻസ് പരിശോധനകൾ നടക്കും.