കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.കാടാച്ചിറ കോട്ടൂർ കുന്നത്ത് വളപ്പിൽ വീട്ടിൽ മസൂദിന്റെ ഭാര്യ നസ്രിയ (42) മരിച്ച സംഭവത്തിൽ ഇരിക്കൂർ കൊളപ്പ സ്വദേശി വി.എൻ. വിജിത്തിനെ(37)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ചട്ടുകപ്പാറയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നസ്രിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം. കണ്ണൂർ സിറ്റി ആനയിടുക്ക് ഭാഗത്തുനിന്ന് താണയിലേക്ക് ഭർത്താവ് മസൂദിനൊപ്പം ബൈക്കിൽ വീട്ടുസാധനങ്ങൾ വാങ്ങാനായി പുറപ്പെട്ടതായിരുന്നു നസ്രിയ.
അപകടത്തിൽ സാരമായി പരിക്കേറ്റ നസ്രിയയെ താണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടർ ഓടിച്ച മസൂദിനെ നിസാര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതരായ കണ്ണോത്ത് അബ്ദുള്ള-കുന്നത്ത് വളപ്പിൽ സൈനബ ദന്പതികളുടെ മകളാണ് മരിച്ച നസ്രിയ. മകൾ: മർജാന. മരുമകൻ: റംഷീദ്. സഹോദരങ്ങൾ: ഇയാസ്, നജ്മ, നജീറ, പരേതനായ നവാസ്.