ശ്രീകണ്ഠപുരം: മൈസൂരുവിൽ നിന്ന് അനധികൃതമായി 28 ദിവസം പ്രായമുള്ള പെൺകുട്ടിയെ വാങ്ങിയ സംഭവത്തിൽ ഇരിക്കൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേർക്കെതിരേ കേസ്. ഇരിക്കൂർ ഗവ. ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന റീമ, മൈസൂരു സ്വദേശികളായ മുബാറക് പാഷ, അബ്രീന എന്നിവർക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരുടെ നിർദ്ദേശപ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
മുബാറക് പാഷ-അബ്രീന ദമ്പതികൾക്ക് മൂന്ന് പെൺകുട്ടികളുണ്ട്. റീമയ്ക്ക് മൂന്ന് ആൺകുട്ടികളുമുണ്ട്. ഇവരിൽ നിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് റീമ കുട്ടിയെ വാങ്ങിയതെന്ന് പറയുന്നു. ഇരിക്കൂറിലെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം അധികൃതർ കുട്ടിയെ ഇവിടുന്ന് മോചിപ്പിക്കുകയായിരുന്നു.
കുട്ടി ഇപ്പോൾ പട്ടുവം ചൈൽഡ് ഹോമിലാണുള്ളത്. കർണാടകയിലെ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു റീമ പോലീസിന് മൊഴി നൽകിയിരുന്നതെങ്കിലും ഇതു വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കേസെടുത്തത്. ഇരിക്കൂർ എസ്ഐ ശ്രീഹരിയുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.