ഇരിട്ടി(കണ്ണൂർ): മലയാളികൾ മുഖ്യകണ്ണികളായ പെൺവാണിഭസംഘം വീരാജ്പേട്ട, മടിക്കേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി കുടക് പോലീസ്. ഇവിടെയുള്ള ഹോം സ്റ്റേകൾ കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടക്കുന്നത്. മലയാളി വിദ്യാർഥിനികൾ ഉൾപ്പെടെ ഈ റാക്കറ്റിൽ അംഗങ്ങളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മലയാളി വിദ്യാർഥികൾ ഉൾപ്പെടെയാണ് ഇടപാടുകാർ. കഴിഞ്ഞ ദിവസം അഞ്ചു മലയാളികളെ അറസ്റ്റ് ചെയ്തിരുന്നു.
മൂര്ന്നാട് കാന്തൂരില് ഹോം സ്റ്റേ നടത്തിപ്പിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്ന തലശേരി സ്വദേശികളായ ഷാജി, ദേവദാസന്, പേരാവൂരിലെ മനു, കൂത്തുപറമ്പ് സ്വദേശികളായ നിഷാദ്, അക്ഷയ് എന്നിവരെയും ഹോം സ്റ്റേ നടത്തിപ്പുകാരിയായ അനസൂയ എന്നിവരെയാണ് കുടക് ജില്ലാ പോലീസ് മേധാവി ഡോ. സുമന് ഡി. പട്നേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
അനസൂയ നടത്തുന്ന ഭവാനി ഹോം സ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയേതാടെയാണ് പ്രതികള്‍ വലയിലായത്.
ഇവിടെ നിന്നും രണ്ടു കാർ, രണ്ട് ബൈക്ക്, ആറ് മൊബൈൽ ഫോണുകൾ, 22,030 രൂപയും പോലീസ് പിടികൂടി. അനസൂയയുടെ ഭര്‍ത്താവ് ബീമയ്യ ഒളിവിലാണ്. പെണ്‍വാണിഭത്തിനു പുറമേ സ്ത്രീകളെ വശീകരിച്ച് കൊണ്ടുവന്ന് ലൈംഗികമായി ഇവിടെ വച്ച് പീഡിപ്പിക്കാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
ഇത്തരത്തില്‍ അകപ്പെട്ട രണ്ടു സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മടിക്കേരി റൂറല്‍ എസ്പി വി. ചേതന്‍, രവി കുമാര്‍, കിരണ്‍, കെ.ഡി ദിനേശ്, വീണ, സുകന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്തവരെ മടിക്കേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.