കുമ്പനാട്: അറവുശാല മാലിന്യങ്ങൾ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ നിരന്തരം റോഡ് സൈഡില്‍ തള്ളുന്നത് മൂലം ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികള്‍. കുമ്പനാട് ഓതറ റോഡില്‍ പുത്തന്‍ പീടികയ്ക്ക് സമീപമാണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത് നിത്യ സംഭവമായിരിക്കുന്നത്. അറവു ശാലകളിലെ മാലിന്യം ഉള്‍പ്പെടെ ചാക്കില്‍ കെട്ടി രാത്രിയുടെ മറവില്‍ ഈ മേഖലയില്‍ റോഡില്‍ തള്ളുകയാണ്.
റോഡ് നിര്‍മാണം കഴിഞ്ഞതിന് ശേഷം കോയിപ്രം പഞ്ചായത്തിലെ നെല്ലിമലയ്ക്ക് സമീപം പുത്തന്‍ പീടികയ്ക്ക് സമീപമാണ് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. റോഡ് സൈഡില്‍ കാടു കയറി നില്ക്കുന്നതും വഴിവിളക്കുകള്‍ കത്താത്തതും സാമൂഹിക വിരുദ്ധരായ ആളുകള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. അറവ് മാലിന്യങ്ങളള്‍ അഴുകി അതിരൂക്ഷമായ ദുര്ഗന്ധവുമാണിവിടെ.
അറവ് മാലിന്യങ്ങള്‍ പക്ഷികള്‍ കൊണ്ടിട്ട് സമീപത്തുള്ള വീടുകളിലെ കിണറുകള്‍ പോലും മലിനപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അറവു മാലിന്യങ്ങളും കോഴി വേസ്റ്റുകളും തള്ളുന്നത് മൂലം തെരുവ് നായ്ക്കളുടെ ശല്യവും ഈ ഭാഗത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇതു മൂലം സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാര്‍ ഈ ഭാഗത്ത് കൂടി നടന്നു പോകാന്‍ ഭയക്കുന്നു. പോലീസിന്റെ കാര്യമായ പട്രോളിംഗ് ഈ ഭാഗത്ത് ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.