മുംബൈ: ആർഎസ്എസ് സൈദ്ധാന്തികൻ വി.ഡി. സവർക്കർക്ക് ഭാരതരത്ന പുരസ്കാരം നൽകാൻ ശിപാർശ ചെയ്യുമെന്ന മഹാരാഷ്ട്ര ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരേ കോണ്ഗ്രസ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാർഷികാഘോഷ സമയത്തുതന്നെ സർക്കാർ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയെങ്കിൽ പിന്നെ ഈ രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് കോണ്ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ഗാന്ധി വധത്തിൽ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ നീക്കം മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണെന്നും മനീഷ് തിവാരി വ്യക്തമാക്കി. പരീക്ഷയിൽ ഗാന്ധി എങ്ങനെയാണ് ജീവനൊടുക്കിയതെന്ന് ചോദിക്കുന്ന രാജ്യത്ത് എന്തും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സേക്കു ഭാരതരത്ന നല്കണമെന്നു ബിജെപി ഇനി ആവശ്യപ്പെട്ടേക്കുമെന്നു സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും പരിഹസിച്ചു. ഇത് ബിജെപിയുടെ അജൻഡയുടെ ഭാഗമാണെന്നും രാജ പറഞ്ഞു.
സവർക്കറിനു ഭാരതരത്ന നല്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി വർക്കിംഗ് പ്രസിഡൻറ് ജെ.പി. നഡ്ഡ ചൊവ്വാഴ്ച പുറത്തിറക്കിയ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ഇക്കാര്യം ഉന്നയിച്ചിരുന്നത്.
വീർ സവർക്കർക്ക് ഭാരതരത്ന നൽകണമെന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു. സവർക്കറെ കൂടാതെ സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്നും പ്രകടനപത്രികയിൽ ബിജെപി പറയുന്നു.
അടുത്ത അഞ്ചുവർഷം അഞ്ചുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും സംസ്ഥാനത്തിന്റെ സന്പദ്്വ്യവസ്ഥ ഒരു ട്രില്യണ് ഡോളറിൽ (71 ലക്ഷം കോടി രൂപ) എത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്.