ആലപ്പുഴ: അഞ്ചര ഏക്കറോളം വരുന്ന ആലപ്പുഴ വലിയ ചുടുകാട് വികസനത്തിന്റെ പേരിൽ ചുരുക്കപ്പെടുന്നതോടെ സംസ്കാര ചടങ്ങുകൾക്ക് ഇടമില്ലാതാകുന്നുവെന്ന ആക്ഷേപവുമായി ചുടുകാട് സംരക്ഷണസമിതി. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കറിനു മുകളിൽ വിസ്തൃതിയുള്ള ഭൂമി പലവിധത്തിലുള്ള കൈയേറ്റങ്ങളും പതിച്ചുനല്‍കലും നിർമാണ പ്രവർത്തനങ്ങൾക്കായി അനുവദിക്കലും മൂലം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഇവിടെ നിർമാണം ആരംഭിച്ച പാർക്കാണ് വില്ലനായിരിക്കുന്നത്.
ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച ആധുനിക സംസ്കാര ശാലകൾ നോക്കുകുത്തിയായി നിലകൊള്ളുന്നു. കേവലം അഞ്ചുസെൻറ് ഭൂമിയിലാണ് ഇപ്പോൾ ഹൈന്ദവാചാര പ്രകാരമുള്ള സംസ്കാരങ്ങൾ നടക്കുന്നതും. ഒരുദിവസം മൂന്നു മൃതദേഹങ്ങളിൽ കൂടുതൽ എത്തിയാൽ സംസ്കരിക്കാനുള്ള സാഹചര്യമില്ലെന്നതാണ് അവസ്ഥ. ആചാരപ്രകാരം കുളിക്കാനും ബലിശിഷ്ടങ്ങൾ നിക്ഷേപിക്കാനും ഉപയോഗിച്ചിരുന്ന കുളം അപ്രത്യക്ഷമായി.
മൃതദേഹങ്ങൾ ചടങ്ങുകൾക്കു മുന്‍പേ ഇറക്കിവച്ചിരുന്ന പുരകൾ പാർക്ക്, ആശുപത്രി എന്നിവയ്ക്കായി പൊളിച്ചുമാറ്റിയതായും സംരക്ഷണസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി. ആലപ്പുഴ ഉൾപ്പടെ നാലുജില്ലകളിലെ പോലീസ് കേസ് സംബന്ധമായതും മറ്റു അനാഥ മൃതശരീരങ്ങളും സംസ്കരിക്കുന്നത് ഇവിടെയായിരുന്നു.
പാർക്കിന്റെ നിർമാണം മൂലം ഇതിനും സ്ഥലമില്ലാത്ത അവസ്ഥയാണ്. വൈകുന്നേരം അഞ്ചിനു ശേഷം മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന മുനിസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ഫ്ളക്സ് ബോർഡും അടുത്തകാലത്തായി സ്ഥാപിച്ചിട്ടുണ്ട്.
അന്യാധീനപ്പെട്ടു പോകുന്ന പൊതുശ്മശാന ഭൂമി തിരിച്ചെടുത്ത് പൂർവസ്ഥിതിയിലേക്ക് വേർതിരിച്ച് അടയാളപ്പെടുത്തണമെന്നാവശ്യപ്പെട്ട് വലിയചുടുകാട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കളക്ടർ, നഗരസഭ ചെയർമാൻ, മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് നിവേദനം നല്കി.
രക്ഷാധികാരിയും എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രതിനിധിയുമായ യു.കെ. സോമൻ, മുരളി പരലാത്ത്, മോഹനൻ നായർ, ശശിധരൻ നായർ, എസ്എൻഡിപി ശാഖ ഭാരവാഹിയും കണ്‍വീനറുമായ എസ്. പ്രദൻ, ശിവൻപിള്ള, ചന്ദ്രശേഖര ചെട്ടിയാർ, ജോയിൻറ് കണ്‍വീനർ സുരേഷ്ബാബു, കെ. മുരളീധരൻ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.