വടക്കഞ്ചേരി: പതിവുപോലെ ഇന്ന് രാവിലേയും കുതിരാനിൽ വാഹന ഗതാഗതം സ്തംഭിച്ചു. ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും അതിരാവിലെ തന്നെ മണിക്കൂറുകൾ വഴിയിൽ കുടുങ്ങി. തൃശൂർ-പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ, തൃശൂർ- വാണിയന്പാറ, കണ്ണന്പ്ര, എളനാട്, ചേലക്കര തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസുകൾ മുടങ്ങി. രാവിലെ ജോലിക്ക് പോകുന്നവരും തൊഴിലാളികളും ദൂരയാത്ര ചെയ്യേണ്ടവരും വിദ്യാർഥികളും രോഗികളുമെല്ലാം വഴിയിൽപ്പെട്ടു. രാവിലെ ആറുമണിയോടെ മുറുകിയ വാഹന കുരുക്കിന് അയവു വരുന്പോൾ പത്തു മണിയായിരുന്നു.
റോഡിലെ കുഴികളും കുഴികളിൽ ചാടി പലയിടത്തായി വാഹനങ്ങൾ കേട് വന്ന് കിടക്കുന്നതും വാഹന ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടെ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കൊന്പഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുരുക്ക് രൂക്ഷമാക്കി. ഹൈെവേ പോലീസും പീച്ചി പോലീസും കുതിരാൻ ജനകീയവേദി പ്രവർത്തകരും ചേർന്നാണ് വാഹനങ്ങൾ നിയന്ത്രിച്ച് വിട്ടത്.
കണ്ടെയ്നർ പോലെയുള്ള നീളം കൂടിയ വലിയ വാഹനങ്ങൾ പോലീസ് ഇടപ്പെട്ട് ഒഴിഞ്ഞ സ്ഥലങ്ങളിൽ പിടിച്ചിട്ടാണ് കുരുക്ക് അഴിച്ച് മറ്റു വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലേയും കൊന്പഴ, ഇരുന്പ്പാലം ഭാഗത്താണ് വാഹന കുരുക്ക് രൂക്ഷമായത്. ഇവിടെ വാണിയന്പാറ വരെ വാഹനങ്ങളുടെ നിരയെത്തി. വഴുക്കുംപാറ ഭാഗത്ത് കുരുക്ക് ഉണ്ടായിരുന്നെങ്കിലും വാഹനങ്ങൾ നിരങ്ങി നീങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാത്രി വഴുക്കുംപാറ കടന്ന് ചുവന്ന മണ്ണ് വരെ വാഹനങ്ങൾ നിർത്തിയിട്ടു.
ദിവസവും കുതിരാൻ വഴിയാത്ര ചെയ്യുന്നവർ ഇപ്പോൾ വലിയ മാനസിക സംഘർഷത്തിലാണ്. കുതിരാൻ വഴിയാത്ര ചെയ്യേണ്ടവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ നൽകാത്ത ഗുരുതരമായ സ്ഥിതിവിശേഷമുണ്ട്. മാസങ്ങളായി സമയത്ത് ജോലിക്ക് എത്തുന്നില്ലെന്ന് പറഞ്ഞാണ് തൊഴിൽ നിഷേധിക്കുന്നത്. സമയത്തിന് ക്ലാസിൽ എത്താനാകാതെ വിദ്യാർഥികളും വലിയ വിഷമത്തിലാണ്. പെണ്മക്കളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക സംഘർഷവും ചെറുതല്ല. വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഇടക്കിടെ ഫോണിലൂടെ ബന്ധപ്പെട്ടാണ് ഓരോ ദിവസവും മക്കളുടെ യാത്രകൾ രക്ഷിതാക്കൾ ക്രമീകരിക്കുന്നത്.
നല്ല ചികിത്സാ സൗകര്യങ്ങളില്ലാത്ത വടക്കഞ്ചേരി ഉൾപ്പെടുന്ന തരൂർ, നെന്മാറ, ആലത്തൂർ തുടങ്ങിയ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേയും ജില്ലയിലെ മറ്റു നൂറു കണക്കിനാളുകളും രോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സകൾക്കായി ആശ്രയിക്കുന്നത് തൃശൂർ മെഡിക്കൽ കോളജിനേയും ജൂബിലി മിഷൻ പോലെയുള്ള മറ്റു സ്വകാര്യ ആശുപത്രികളെയുമാണ്. എന്നാൽ പരിഹാരം കാണാത്ത വിധം കുതിരാനിൽ മാസങ്ങളായി തുടരുന്ന വാഹന കുരുക്ക് പാവപ്പെട്ട രോഗികളേയും ആശ്രിതരെയുമെല്ലാം വല്ലാതെ വലക്കുന്നുണ്ട്.