തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്േറാണ്മെന്റ് പോലീസ് കേസെടുത്തു. ബോട്ടണി വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥി അഖിലിനെ മർദ്ദിച്ച സംഭവത്തിലാണ് എസ്എഫ്ഐ പ്രവർത്തകരായ അനന്തു ഷാജി, നിഥുൻ അതുൽ, സിദ്ധാർത്ഥ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബോട്ടണി വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർഥികളായ ഇവർ അഖിലിനെ കുറുവടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് അഖിൽ പോലീസിൽ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടായ മർദ്ദനം, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബോട്ടണി വിഭാഗത്തിലെ എസ്എഫ്ഐ യുടെ കമ്മിറ്റിയിലുണ്ടായ വാക്ക് തർക്കമാണ് എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ എസ്എഫ്ഐ പ്രവർത്തകർ തന്നെ മർദ്ദിക്കാൻ ഇടയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു കോളജിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്രമണം നടന്നത്.
ഏഴ് മാസം മുൻപ് കോളജിലെ അഖിൽ എന്ന് പേരുള്ള എസ്എഫ്ഐ പ്രവർത്തകനെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തും സെക്രട്ടറി നസിമും ചേർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ഏറെ ചർ്ച്ചയായിരുന്നു. ഇന്നലത്തെ ആക്രമണ സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ ഒളിവിലാണ്.