മുക്കം: ഗ്രാമപഞ്ചായത്ത് നേരത്തെ അനുമതി അപേക്ഷ തള്ളിയതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം പ്രവർത്തനാനുമതി നൽകിയ ക്വാറിയുടെ അനുമതി റദ്ദ് ചെയ്യാൻ ഒരുങ്ങി കാരശേരി ഗ്രാമപഞ്ചായത്ത്. ഉരുൾപൊട്ടലും പ്രളയക്കെടുതികളും ഏറെ അനുഭവിച്ച പഞ്ചായത്തിൽ ഇനിയൊരു ക്വാറി അനുവദിക്കേണ്ടന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർക്കും പഞ്ചായത്ത് ജൈവവൈവിധ്യ ബോർഡിനും ഉള്ളത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് കാരശേരി പഞ്ചായത്തിലെ വല്ലാർ മലയിൽ സ്വകാര്യവ്യക്തിക്ക് ക്വാറി നടത്തുന്നതിനായി കാരശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്. ക്വാറിക്ക് പ്രവർത്തനാനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ലഭിച്ചപ്പോൾതന്നെ പഞ്ചായത്ത് ഭരണസമിതി അപേക്ഷ തള്ളിയിരുന്നു. എന്നാൽ ക്വാറി ഉടമ കോടതിയെ സമീപിക്കുകയും കോടതി ഉടമയെ ഹിയറിംഗ് നടത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ക്വാറി പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥലത്തിന്റെ നടുവിലൂടെ പ്രദേശത്തെ നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു തോട് കടന്നുപോകുന്നുണ്ട് എന്നതും നിലവിൽ പഞ്ചായത്തിൽ ആവശ്യത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്നതുമായിരുന്നു അപേക്ഷ തള്ളുന്നതിന് പഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയിരുന്ന കാരണങ്ങൾ.
എന്നാൽ വില്ലജ് ഓഫീസിൽ നിന്നും ജിയോളജി വകുപ്പിൽ നിന്നും ഇങ്ങനെ ഒരു തോട് ഇതിലൂടെ കടന്നു പോകുന്നില്ല എന്ന സാക്ഷ്യപത്രം ലഭിച്ചതിനെത്തുടർന്നാണ് അന്നത്തെ സെക്രട്ടറി ക്വാറിക്ക് അനുമതി നൽകിയിരുന്നത്.
തന്നെയുമല്ല നിലവിൽ ഒരു ക്വാറിയുടെ 500 മീറ്റർ ചുറ്റളവിലുള്ളിൽ മറ്റൊരു ക്വാറിക്ക് അനുമതി നൽകരുത് എന്നാണ് നിയമം എങ്കിലും ഈ ക്വാറിയുടെ 200 മീറ്റർ അകലെയായി മറ്റൊരു ക്വാറി പ്രവർത്തിക്കുന്നതായും സംഘം കണ്ടെത്തി.
ക്വാറി പ്രവർത്തനം ആരംഭിച്ചു തുടങ്ങിയെങ്കിലും, കഴിഞ്ഞ പ്രളയകാലത്ത് നിരവധി കെടുതികൾ അനുഭവിച്ച പഞ്ചായത്തിൽ ഇനിയൊരു ക്വാറി അനുവദിക്കേണ്ട എന്ന നിലപാട് തുടരുന്ന അടിസ്ഥാനത്തിലും, പ്രസ്തുത ക്വാറിയുടെ അനുമതി റദ്ദ് ചെയ്യുന്നതിന്റെയും മുന്നോടി ആയി ബുധനാഴ്ച ഗ്രാമപഞ്ചായത്ത് അധികൃതരും, പഞ്ചായത്തിലെ ജൈവവൈവിധ്യ ബോർഡ് അംഗങ്ങളും ക്വാറി പ്രവർത്തിക്കുന്ന സ്ഥലം സന്ദർശിച്ചു.
ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്ത് കരിങ്കല്ലുകൾ നിലവിൽ ലഭ്യമല്ലെന്നും, കരിങ്കല്ലുകൾ ലഭിക്കണമെങ്കിൽ ഉയരം കൂടിയ ഈ സ്ഥലത്ത് ആദ്യം മണ്ണ് ഖനനം നടത്തണമെന്നും, ഇപ്പോൾ വ്യാപകമായി മണ്ണ് ഖനനം ആണ് നടക്കുന്നതെന്നും സംഘം കണ്ടെത്തി. മാത്രവുമല്ല ക്വാറി പ്രവർത്തിക്കുന്ന സ്ഥലത്തിന് നടുവിലൂടെ വല്ലാറ തോട് കടന്നുപോകുന്നതായും സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ക്വാറിയുടെ പ്രവർത്തനാനുമതി റദ്ദ് ചെയ്യുന്നതിനു കലക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് അധികൃതർ.
ഒപ്പം പ്രദേശത്തുകൂടി തോട് കടന്നു പോകുന്നില്ലെന്ന് സാക്ഷ്യപത്രം നൽകിയ ഉദ്യോഗസ്ഥർക്കു മേൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് പറഞ്ഞു. വിനോദിനൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാർ, വി.മോയി, പി.എൻ. അജയൻ, പ്രേമൻ വൈദ്യർ എന്നിവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്.