ചാത്തന്നൂർ: ദേശീയപാത ചാത്തന്നൂർ ജംഗ്ഷൻ വാഹനയാത്രക്കാരുടെ കുരുതിക്കളമാവുന്നു.കഴിഞ്ഞദിവസം ദമ്പതികൾ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ താണ് അവസാനത്തെ പ്രധാന അപകടം. ഒന്നര ആഴ്ച മുമ്പാണ് ബൈക്കപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. ഓരോ ആഴ്ചയിലും ഒന്നിലധികം അപകടം ജംഗ്ഷനിലെ അഞ്ഞൂറ് മീറ്റർ സ്ഥലത്തിനുള്ളിൽ നടക്കുന്നു.
ഗവ.ഹൈസ്കൂളിന് സമീപം മുതൽ ബ്ലോക്കാഫീസ് റോഡു വരെയുള്ള ദേശീയ പാതയിലെ മിക്ക അപകടങ്ങളും ദേശീയ പാതയിലെ ഈ ഭാഗത്തെ ഡിവൈഡർ റോഡ് നിരപ്പിലാണ്.ഡി വൈഡർ ഉള്ള വിവരം പോലും വാഹനയാത്രക്കാർക്ക് മനസ്സിലാക്കില്ല.ഫ്രീക്കൻമാരുടെ അമിതവേഗത്തിലുള്ള ചുറ്റി കറങ്ങലും മറ്റൊരു കാരണമാണ്. ദേശീയപാതയിലെ ഡിവൈഡറുകളിൽ തെരുവ് വിളക്ക് സ്ഥാപിച്ചിട്ടുണ്ട് .
പക്ഷേ ഇതിലെ ലൈറ്റുകൾ പ്രകാശിക്കാറില്ല. സന്ധ്യ കഴിഞ്ഞാൽ ചാത്തന്നൂർ ടൗൺ അന്ധകാരത്തിലാണ്. ടാക്സി സ്റ്റാന്റിന് മുന്നിലെ വിളക്കു കാലുകൾ വാഹനം ഇടിച്ച് നശിപ്പിക്കുന്നത് സ്ഥിരം സംഭവമാണ്. ഒരു വിളക്കു കാല് ഒന്നിലധികം തവണ വണ്ടിയിടിച്ച് തകർത്തിട്ടുണ്ട്.
ദേശീയപാതയിൽ ജംഗ്ഷനിലെ വാഹന പാർക്കിംഗും അപകടം ഒരുക്കുന്നു. പോലീസ്സിന്റെ നോ പാർക്കിംഗ് ബോർഡുകൾക്ക് പെയിൻറിന്റെ വില പോലും കല്പിക്കുന്നില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നിടത്ത് വഴിയോര കച്ചവടക്കാരാണ്. ഇതൊന്നും ശ്രദ്ധിക്കാനോ നിയന്ത്രിക്കാനോ പഞ്ചായത്ത് അധികൃതരോ പോലീസോ തയാ റാവുന്നുമില്ല.