കൊച്ചി: നിർമാതാവ് ജോബി ജോർജ് തനിക്കെതിരേ വധഭീഷണി മുഴക്കുന്നുവെന്നു നടൻ ഷെയിൻ നിഗത്തിന്റെ പരാതി.
ഗുഡ്വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന “വെയിൽ’ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിനുശേഷമാണ് നിർമാതാവ് വധഭീഷണിയുമായി രംഗത്ത് എത്തിയതെന്ന് അമ്മ സംഘടനയ്ക്ക് അയച്ച കത്തിൽ ഷെയിൻ പറയുന്നു.
നവമാധ്യമങ്ങളിലൂടെ തനിക്കെതിരേ മോശപ്പെട്ട കുപ്രചാരണങ്ങൾ നടത്തുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണു ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന് അമ്മ പ്രസിഡന്റിന് നൽകിയ കത്തിലുണ്ട്. തെളിവായി വോയിസ് മെസേജും ഫോട്ടോകളും അമ്മ ഭാരവാഹി ഇടവേള ബാബുവിനു നൽകിയതായും ഷെയിൻ പറഞ്ഞു.
“വെയിലി’ന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് ഖുർബാനി എന്ന സിനിമയിൽ അഭിനയിക്കുന്പോൾ ഗെറ്റപ്പ് മാറാൻ രണ്ടു സിനിമകളുടെയും അണിയറ പ്രവർത്തകരുടെ പരസ്പരധാരണയിൽ മുടി വെട്ടേണ്ടി വന്നു. അതിൽ പുറകുവശം വെട്ടി പോയിട്ടുണ്ട്. മനഃപൂർവമല്ല. അന്നു ഭക്ഷ്യവിഷബാധയേറ്റു പനിയുള്ള കാരണം ക്ഷീണിതനായിരുന്നു.
ഇക്കാരണത്താൽ ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. മുടി വെട്ടി ക്യാരക്ടർ ലുക്കിനു വേണ്ടി ജെൽ പുരട്ടി മേക്കോവർ ചെയ്തെടുത്ത ഫോട്ടോ വാട്സ്ആപ്പിൽ അപ്ലോഡ് ചെയ്തിരുന്നു. ആ ചിത്രം കണ്ട നിർമാതാവ് തന്നെ നേരിൽ കണ്ടു നിജസ്ഥിതി ബോധ്യം വരുത്താതെ “വെയിൽ’ സിനിമയുടെ കണ്ടിന്യൂറ്റി പോയെന്നു പറഞ്ഞു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ച് അപമാനിച്ചെന്ന് ഷെയിൻ പറഞ്ഞു.