സ്റ്റോക്ഹോം/വാടുസ്: 2020 യൂറോ കപ്പ് ഫുട്ബോൾ ഫൈനൽസിനുള്ള യോഗ്യത സ്പെയിനും സ്വന്തമാക്കി. ഇന്നലെ സ്വീഡനെതിരായ ഗ്രൂപ്പ് എഫ് മത്സരത്തിൽ സമനില നേടിയതോടെയാണ് സ്പെയിൻ യോഗ്യത സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിൽനിന്നശേഷം ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിനിന്റെ സമനില.
50-ാം മിനിറ്റിൽ മാർകസ് ബെർഗിന്റെ ഗോളിൽ സ്വീഡൻ മുന്നിലെത്തിയെങ്കിലും 90+2-ാം മിനിറ്റിൽ റോഡ്രിഗോയിലൂടെ സ്പെയിൻ സമനില നേടി. മത്സരത്തിന്റെ 60-ാം മിനിറ്റിൽ ഗോളി ഡേവിഡ് ഡി ഗിയ പരിക്കേറ്റ് പുറത്തായത് സ്പെയിനിനു തിരിച്ചടിയായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളിയാണ് ഗിയ. ഗിയയ്ക്കു പകരം കേപ അരിസാബലാഗയാണ് അവസാന 30 മിനിറ്റിൽ സ്പെയിനിന്റെ വല കാത്തത്. ഗ്രൂപ്പ് എഫിൽ എട്ട് മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി സ്പെയിൻ ഒന്നാമതാണ്. 15 പോയിന്റുള്ള സ്വീഡൻ രണ്ടാമതുണ്ട്.
സൂപ്പർ അസൂറി
തുടർച്ചയായി ഒന്പതാം അന്താരാഷ്ട്ര മത്സരത്തിലും ജയം നേടി ഇറ്റലി ചരിത്രം കുറിച്ചു. ടീമിന്റെ തുടർ ജയ റിക്കാർഡിൽ 80 വർഷം പഴക്കമുള്ള നേട്ടത്തിനൊപ്പമാണ് റോബർട്ടോ മാൻസീനിയുടെ കുട്ടികൾ എത്തിയത്. യൂറോ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജെയിലെ എവേ പോരാട്ടത്തിൽ ലിക്റ്റൻസ്റ്റൈനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കു കീഴടക്കിയാണ് ഇറ്റലി തുടർച്ചയായ ഒന്പതാം രാജ്യാന്തര ജയം കുറിച്ചത്.
ഗ്രൂപ്പിൽ എട്ടാം ജയത്തിലൂടെ 24 പോയിന്റുമായി ഒന്നാമതുള്ള ഇറ്റലി അടുത്ത വർഷത്തെ യൂറോയ്ക്കുള്ള യോഗ്യത സ്വന്തമാക്കിയിരുന്നു. 1938-39ൽ ആണ് മുന്പ് അസൂറികൾ തുടർച്ചയായ ഒന്പത് ജയം നേടിയത്. ഇറ്റലിയെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലേക്ക് നയിച്ച വിറ്റോറിയോ പസോയുടെ കീഴിലായിരുന്നു അത്. കഴിഞ്ഞ വർഷം നവംബറിൽ അമേരിക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ തുടങ്ങിയ വിജയക്കുതിപ്പാണ് അസൂറികൾ തുടരുന്നത്.
ലിക്റ്റൻസ്റ്റൈനെതിരേ ആന്ദ്രെ ബലോറ്റിയുടെ (70, 90+2 മിനിറ്റുകൾ) ഇരട്ടഗോളാണ് ഇറ്റലിയൻ ജയത്തിന്റെ ഹൈലൈറ്റ്. ഫെഡറിക്കോ ബർണാഡെചി (രണ്ടാം മിനിറ്റ്), അലെസിയോ റോമന്യോളി (77-ാം മിനിറ്റ്), സ്റ്റെഫാൻ എൽ ഷെറാവി (82-ാം മിനിറ്റ്) എന്നിവരും ഇറ്റലിക്കായി വല കുലുക്കി.
പ്രതീക്ഷ നിലനിർത്തി സ്വിസ്
ഗ്രൂപ്പ് ഡിയിൽ 12 പോയിന്റുമായി ഒന്നാമതുള്ള റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ഹോം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനു കീഴടക്കി സ്വിറ്റ്സർലൻഡ് യോഗ്യതാ പ്രതീക്ഷ നിലനിർത്തി. ആറ് മത്സരങ്ങളിൽ 12 പോയിന്റുള്ള ഡെന്മാർക്കിനു പിന്നിൽ മൂന്നാമതാണ് 11 പോയിന്റുള്ള സ്വിറ്റ്സർലൻഡ്. സ്വിറ്റ്സർലൻഡിന് രണ്ട് മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്. അയർലൻഡിന് ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഗ്രൂപ്പ് ജെയിൽ അർമേനിയയയെ ഹോം മത്സരത്തിൽ 3-0നു കീഴടക്കിയ ഫിൻലൻഡും യോഗ്യതാ പ്രതീക്ഷ സജീവമാക്കി.