നിരണം: അപ്പർ കുട്ടനാട്ടിൽ കൃഷി നടപടികൾ ആരംഭിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി നേരത്തേയാണ് കൃഷി ഇറക്കുന്നത്. നിലം ഒരുക്കലും വരമ്പു കുത്തലുമാണ് ആരംഭിച്ചിട്ടുള്ളത്. ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കുന്ന പണിയും നടക്കുന്നു. പാടശേഖരങ്ങൾക്ക് ചുറ്റുമുള്ള ബണ്ടുകൾ വെള്ളം കയറാതെയിരിക്കാൻ ബണ്ടിടുന്ന പണികൾ പൂർത്തിയായി. നിരണം പഞ്ചായത്തിലെ ഏറ്റവും പടിഞ്ഞാറ് ഭാഗത്തുള്ള പാടശേഖരങ്ങളിലാണ് നടപടികൾ ആദ്യം ആരംഭിച്ചത്.
കടപ്ര, പെരിങ്ങര നെടുമ്പ്രം പഞ്ചായത്തിലും കൃഷി നടപടികൾ ആരംഭിക്കുന്നതിന് തുടക്കം കുറിച്ചു. വെള്ളപ്പൊക്കത്തിനു ശേഷം ചെളിയും പായലും കയറിക്കിടക്കുന്ന പാടശേഖരങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ആദ്യം നടക്കേണ്ടത്. ശ്രമകരമായ ഈ ജോലി ചെയ്യുന്നതിന് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ല. ട്രാക്ടറിന് പൂട്ടി നിലം ഒരുക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ പായലും പോളയും കയറിക്കിടക്കുന്ന ഭാഗത്ത് മനുഷ്യ ശക്തി ഉപയോഗിച്ച് മാത്രമേ പാടശേഖരം വൃത്തിയാക്കാൻ കഴിയുകയുള്ളൂ.
നവംബർ മധ്യത്തോടെ കൂടി കൃഷി ആരംഭിക്കാനാണ് പാടശേഖര കമ്മിറ്റികൾ തീരുമാനമെടുത്തിരിക്കുന്നത്. മാർച്ച് മാസം വേനൽമഴയ്ക്കു മുന്പ് വിളവെടുക്കാനാണ് കർഷകർ ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ വിത്ത് ഇനി കിട്ടണം. മുൻവർഷങ്ങളിൽ സർക്കാരിൽനിന്ന് വിത്ത് ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് സമയത്ത് കിട്ടുന്നില്ലെന്ന പരാതിയുണ്ട്. ഇപ്പോൾ കൊയ്ത്തു നടന്ന പാടശേഖരങ്ങളിലെ നെൽ വിത്താണ് പുതിയ കൃഷിക്ക് വിത്ത് ആയിട്ട് ഉപയോഗിക്കേണ്ടത്.
ഇതിന് കർഷകർ കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽ ഇപ്പോൾ കൃഷി ചെയ്യുന്ന ഭാഗത്തുനിന്ന് നേരിട്ട് വിത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വെള്ളപ്പൊക്കം മൂലം കുട്ടനാട്ടിൽ നെൽകൃഷി തടസപ്പെട്ടിരുന്നു. തന്മൂലം വിത്തിന് ദൗർലഭ്യം ഉണ്ടാകാൻ സാധ്യതയുള്ളതായി കർഷകർ പറയുന്നു.പുഞ്ച കൃഷിക്കായി അപ്പർകുട്ടനാട് വീണ്ടും സജീവമാകുമ്പോൾ അതിനു വേണ്ട നടപടിക്രമങ്ങൾ യഥാസമയം സർക്കാരിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.