പത്തനംതിട്ട: പോരാട്ടങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ മാറ്റമുണ്ടായിട്ടുള്ളൂവെന്ന് മന്ത്രി എം. എം. മണി. പ്രത്യക്ഷ രക്ഷാ സഭ അടിമ വ്യാപാര നിരോധന നിയമത്തിന്റെ 165 – ാം വാർഷിക ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പട്ടിക്കും പൂച്ചക്കും നടക്കാൻ കഴിയുമായിരുന്ന വഴിയിലൂടെ മനുഷ്യന് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല.
വേദം കേൾക്കുന്ന ശുദ്രന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണമെന്ന് പറയുന്ന തരത്തിലുള്ള ഭ്രാന്തൻ ആശയങ്ങളാണ് ഒരു കാലത്ത് ഈ നാട്ടിൽ ഉണ്ടായിരുന്നത്. പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ ഉൾപ്പടെയുള്ള സാമുഹ്യ പരിഷ്കർത്താക്കളുടെ പോരാട്ടങ്ങളുടെ ഫലമായാണ് ഇന്ന് കാണുന്ന മാറ്റം ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രത്യക്ഷ രക്ഷാ ദൈവസഭാ പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ആന്റോ ആന്റണി എംപി വീണാ ജോർജ് എംഎൽഎ തുടങ്ങിയവർ പ്രസംഗിച്ചു.