ലയണല്‍ മെസി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം ഏറ്റുവാങ്ങിയ വേദിയില്‍ താരമായത് മെസിയുടെ രണ്ടാമത്തെ മകന് മത്തേയോ മെസി. ആറാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്കാരം മെസി സ്വീകരിച്ച വേദിയിലായിരുന്നു രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകള്‍ അടിച്ചു കൂട്ടിയതാണ് മെസിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്.തുടര്‍ച്ചയായ മൂന്നാം വട്ടമാണ് മെസി ഈ പുരസ്കാരം നേടുന്നത്.
പുരസ്കാരം ഏറ്റുവാങ്ങാനായി മെസി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. പുരസ്കാരം നല്‍കുന്നതിന് മുമ്പായി അവതാരകര്‍ മെസിയുടെ മക്കളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. പിന്നാലെ, ഗോള്‍ഡന്‍ ഷൂ ചേട്ടന് തിയാഗോയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അനിയന് മത്തേയോവിന് അത് ഒട്ടും ഇഷ്ടമായില്ല.മെസിയുടെ അരികില്‍നിന്നു തിയോഗോയുടെ അടുത്ത് പാഞ്ഞെത്തിയ മത്തെയോ ഷൂവില്‍ പിടിമുറുക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പുരസ്കാരത്തിനായി പിടിവലിയായി. ഒടുവില്‍ മത്തെയോ തന്നെ ജയിച്ചു. ചേട്ടന്റെ കൈയില്‍നിന്നു പുരസ്കാരം പിടിച്ചുവാങ്ങി അച്ഛനു നല്‍കിയതോടെയാണ് മത്തെയോ അടങ്ങിയത്.മത്തെയോവിന്റെ മുഖത്തെ ഭാവങ്ങളാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്. നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.