കോട്ടയം: എംജി സർവകലാശാലയുടെ മാർക്ക് ദാനം കൂടുതൽ വിവാദത്തിലേക്ക്. മാർക്ക് ദാനവുമായി ബന്ധപ്പെട്ടു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ വാദം പൊളിയുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ മടങ്ങിയെന്നാണ് മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ പ്രൈവറ്റ് സെക്രട്ടറി ഡോ. ഷറഫുദീൻ അദാലത്തിൽ മുഴുവൻ സമയവും പങ്കെടുക്കുകയും വൈസ് ചാൻസലർ ഉൾപ്പെടയെുള്ളവർക്കൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അദാലത്ത് നടന്ന ദിവസം എംജി സർവകലാശാല പകർത്തിയ ദൃശ്യങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നാണ് വിവരം.
ഇതോടെ മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലീൽ നല്കിയ വിശദീകരണം പൊളിയുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ കൂടുതൽ ശക്തമാവുകയും ചെയ്യുകയാണ്. എന്നാൽ അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം പിഎ മടങ്ങിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ.ടി ജലീൽ. അദാലത്ത് നടന്ന ഒരു മേശയ്ക്കു സമീപവും പിഎ പോയിട്ടില്ല.
പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജലീൽ ചാനലിനോട് പ്രതികരിച്ചു.അതേസമയം സർവകലാശാല നടത്തിയ പരാതി പരിഹാര അദാലത്തിൽ ഒരു വിദ്യാർഥിയ്ക്കു മാർക്ക് ദാനം നല്കാനുള്ള തീരുമാനം നയപരമായ പാളിച്ചയാണെന്നു സിൻഡിക്കേറ്റ് അംഗം പി.കെ. ഹരികുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു പിഴവാണെന്നു അംഗീകരിക്കാൻ വൈസ് ചാൻസിലർ തയാറായില്ല.