കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തി. ക്രൈംബ്രാഞ്ച് സംഘം കല്ലറതുറന്നുള്ള പരിശോധന നടത്തുന്നതിനു മുമ്പേ തന്നെ അന്വേഷണം തന്റെ നേര്‍ക്കാണെന്നും അറസ്റ്റുണ്ടാകുമെന്നും ജോളി മനസിലാക്കിയിരുന്നു.
ഇതേതുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചത്. അറസ്റ്റിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇതിനായി ജോളി കട്ടപ്പനയില്‍ എത്തിയിരുന്നു. ഇവിടെയുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കാര്യങ്ങളെല്ലാം ധരിപ്പിച്ച ശേഷം ജോളി സഹോദരനൊപ്പമായിരുന്നു മുന്‍കൂര്‍ ജാമ്യത്തിനായി പോയത്. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ക്ക് കൊലപാതക പരമ്പരയില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
ജോളി റിമാന്‍ഡില്‍ ജില്ലാ ജയിലില്‍ വീട്ടില്‍ നിന്ന് വസ്ത്രമെത്തിക്കാനായി സഹോദരനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ എത്തിച്ചു നല്കാന് ഇവരാരും തയാറായിരുന്നില്ല. ജോളിക്കായി അഭിഭാഷകനെ പോലും ഏര്‍പ്പെടുത്തില്ലെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് മുമ്പേ തന്നെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത് ജോളിയുടെ കുറ്റകൃത്യങ്ങളിലെ പങ്ക് അറിഞ്ഞുകൊണ്ടാണോയെന്നും മറ്റുവിവരങ്ങള്ക്കുമാണ് ബന്ധുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അറസ്റ്റിന് മുമ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായി അന്വേഷണസംഘം കോടതിയേയും അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ജോളിക്ക് സമീപകകാലത്ത് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് ബിഎസ്എന്‍ ജീവനക്കാരനും ഇപ്പോള്‍ തമിഴ്നാട്ടില്‍ ജോലിചെയ്യുന്നയാളുമായ ജോണ്സണായിട്ടാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇവര്‍ തമ്മില്‍ സയനൈഡ് കെമാറ്റം നടന്നിട്ടുണ്ടോ എന്നതിനെ കുറിച്ചും ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയാണ്. ജോണ്‍സണും ജോളിയുമായുള്ള സാമ്പത്തിക കാര്യങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. എന്‍ഐ ടി അധ്യാപികയാണെന്ന് വരുത്തിതീര്‍ക്കാന്‍ റേഷന്‍ കാര്‍ഡില്‍ പോലും അധ്യാപികയെന്ന് മുഖ്യപ്രതി ജോളി വരുത്തി തീര്‍ത്തിരുന്നു. ഇതിനെ കുറിച്ച് താലൂക്ക് സപ്ലെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച സയനൈഡ് ജോളിയുടെ കൈവശമല്ലാതെ മറ്റാരുടെയെങ്കിലും കൈവശം ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. മൂന്നാം പ്രതി നാട്ടുകാരനായ ശശികുമാര്‍ എന്നയാള്‍ക്ക് സയനൈഡ് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇതിനെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം ചോദ്യം ചെയ്യലിനോട് ഭാഗികമായാണ് ജോളി പ്രതികരിക്കുന്നത്.
പലവിവരങ്ങളും മറച്ചുവയ്ക്കുകയാണ്. അന്വേഷണത്തില്‍ കണ്ണികണ്ണികളായി കോര്ത്തെടുത്തുകൊണ്ടുള്ള തെളിവുശേഖരണത്തിന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും അന്വേഷണസംഘം കസ്റ്റഡി അപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.