സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിലെ വിവിധയിടങ്ങളിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ റെയ്ഡ് നടത്തി 121 കിലോ സ്വർണാഭരണങ്ങളും കണക്കിൽപ്പെടാത്ത രണ്ടുകോടി രൂപയും വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവത്തിൽ വിശദമായ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കും. സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്കും റിപ്പോർട്ട് നൽകും.
ദക്ഷിണേന്ത്യയിൽ സ്വർണക്കള്ളക്കടത്ത് കൂടുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേരളത്തിലെ സ്വർണാഭരണനിർമാണ ഹബ് ആയ തൃശൂരിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടന്നത്.ചേർപ്പ്, വല്ലച്ചിറ മേഖലയിലെ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. തൃശൂരിൽ സ്വർണാഭരണങ്ങൾ കൂടുതലായി നിർമിക്കുന്ന ഈ മേഖലകളിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി വൻതോതിൽ സ്വർണം എത്തുന്നുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരമെന്നറിയുന്നു. ഇതെത്തുടർന്നാണ് പരിശോധന നടന്നത്.
മുപ്പതു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന് വ്യക്തമായ രേഖകളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. റെയ്ഡുമായി ബന്ധപ്പെട്ട് 17 പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കും. ശേഷമായിരിക്കും തുടർനടപടികൾ. ജിഎസ്ടി, കേന്ദ്ര എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഇന്നലെ രാത്രിയിലായിരുന്നു പരിശോധന.
പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികൾ പ്രതിരോധിക്കാൻ ശ്രമിച്ചതിനാൽ പോലീസ് സഹായത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്. രണ്ടായിരം യുഎസ് ഡോളറും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത സ്വർണം കള്ളക്കടത്ത് സ്വർണമാണോ അതോ രേഖകൾ ഉള്ളതാണോ എന്ന കാര്യം വിശദമായി പരിശോധിക്കും. തൃശൂരിൽ സ്വർണാഭരണങ്ങൾ നിർമിക്കുന്ന ചെറുതും വലുതുമായ 25 ഓളം വീടുകളിലാണ് റെയ്ഡ് നടന്നത്. നിയമാനുസൃതമായാണോ ഇവിടെ സ്വർണം വാങ്ങി ഉരുക്കി ആഭരണങ്ങളാക്കി നിർമിച്ചിരുന്നതെന്ന് പരിശോധിക്കുന്നുണ്ട്.
യാതൊരു രേഖകളും ഇല്ലാതെ സ്വർണം ഉരുക്കി ആഭരണങ്ങളാക്കി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും നൽകുന്നുവെന്ന വിവരം കിട്ടിയതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന.വൻ ശൃംഖലതന്നെ ഈ സ്വർണംകടത്ത്-നിർമാണ-വിതരണ ബിസിനസിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ലഭിച്ചിട്ടുള്ള വിവരങ്ങൾ അത് ശരിവയ്ക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
റെയ്ഡിൽ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഒരു വീട്ടിൽ നിന്ന് 30 കിലോ സ്വർണംവരെ പിടിച്ചെടുത്തു. വീട്ടുകാരെ ചോദ്യംചെയ്ത് ചിലരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരാണ് സ്വർണം കൊണ്ടുവന്നു തരുന്നത്, ആർക്കാണ് കൊടുക്കുന്നത്, പ്രതിഫലം എങ്ങിനെയാണ് തരുന്നത്, എന്തെങ്കിലും രേഖകൾ ഇതിനുണ്ടോ എന്നീ കാര്യങ്ങളാണ് വീട്ടുകാരോട് ഉദ്യോഗസ്ഥർ ചോദിച്ചതെന്നറിയുന്നു.
വീട്ടുകാർക്ക് സ്വർണം എത്തിക്കുന്നത് ഏജന്റുമാർ വഴിയാണെന്നാണ് സൂചന. തമിഴ്നാട്ടിലെ ചെന്നൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിൽനിന്നുമാണ് സ്വർണം കേരളത്തിലേക്ക് എത്തുന്നതെന്നും കസ്റ്റംസ് പറയുന്നു. നികുതിവെട്ടിച്ച് കോടികളുടെ സ്വർണമാണ് ആഭരണമായും അല്ലാതെയും കേരളത്തിലങ്ങോളമിങ്ങോളം കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് അധികൃതർ പറയുന്നു.