തുറവൂർ: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനും അക്രമത്തിനും സ്വജനപക്ഷപാതത്തിനും ദുർഭരണത്തിനെതിരെയും യുവജനങ്ങൾ ഉപതെരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻകുര്യാക്കോസ് എംപി പറഞ്ഞു. സിപിഎം രാഷ്ട്രീയമായി പ്രതികരിക്കുന്നവരെ വെട്ടിക്കൊലപ്പെടുത്തിയത് പ്രബുദ്ധരായ ജനങ്ങളുടെ മനസിലുണ്ടാകുമെന്നും കാസർകോട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും ശുഹൈബിനെയും ശ്രീലാലിനെയും പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയതും സിപിഎമ്മിന്റെ ക്രിമിനൽ സംഘമാണ്.
ഇടതുസർക്കാറിന്റെ മൂല്യ ച്യുതിക്കെതിരെയും പിഎസ്സി റാങ്ക് ലിസ്റ്റ് തിരിമറിയിലും യൂണിവേഴ്സിറ്റി പരീക്ഷാ തട്ടിപ്പിനും എതിരെയുള്ള ജനവികാരമായിരിക്കും ഉപതെരഞ്ഞെടുപ്പിൽ പ്രകടമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രാഷ്ട്രീയകൊലപാതകങ്ങൾക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന ജനകീയാവശ്യം ഹൈക്കോടതി ശരി വെച്ചിരിക്കുകയാണ്.
കുറ്റക്കാരായ സിപിഎം ക്രിമിനൽ സംഘത്തെ രക്ഷിക്കാൻ ഖജനാവിലെ പണമെടുത്ത് കേസിന് സ്റ്റേ കൊടുക്കാൻ സർക്കാർ ശ്രമിക്കുകയാണ്. പിഎസ്സി പരീക്ഷയിൽ തോറ്റ സിപിഎം ക്രിമിനൽ സംഘത്തിലുള്ളവർക്ക് കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്ക് പട്ടികലിസ്റ്റിൽ ഉൾപ്പെടുത്തിയതും യൂണിവേഴ്സിറ്റി പരീക്ഷയിൽ മാർക്ക് തട്ടിപ്പ് നടത്തിയതും സിപിഎമ്മിന്റെ നേതൃത്തിലുള്ള സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ പങ്കെടുത്ത ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ശുഹൈബിന്റെ പിതാവ് മുഹമ്മദും തങ്ങളുടെ മക്കളെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകണമെന്ന് വ്യക്തമാക്കി. കുത്തിയതോട് പാട്ടുകുളങ്ങര യുഡിഎഫ് അരൂർ നിയോജകമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ യൂത്ത് കോണ്ഗ്രസ് നേതാക്കളായ എസ്. ദീപു, അഡ്വ.എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.