സ്വന്തം ലേഖകൻ
തിരുവനന്തപുരം : വല്ലാത്ത രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ വട്ടിയൂർക്കവിൽ. മണ്ഡലത്തിന്റെ മുക്കിനും മൂലയിലും എത്താനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ.എൻഎസ്എസും എസ്എൻഡിപിയും പറയുന്ന തലത്തിലേയ്ക്കു കോടിയേരി ബാലകൃഷ്നും മുല്ലപ്പള്ളി രാമചന്ദ്രനും പി.എസ്.ശ്രീധരൻ പിള്ളയും രാഷ്ട്രീയമായി എത്തിച്ചേർന്നൂവെന്നുള്ളതാണു വോട്ടർമാർക്കിടയിലെ ഇപ്പോഴത്തെ ചർച്ച.
രാഷ്ട്രീയം മാറി മണ്ഡലത്തിൽ ജാതിയെത്തിയെന്നു സമർഥിക്കുന്നവാരാണു കൂടുതൽ. ഈ അഭിപ്രായത്തോടു ചേർന്നു നിൽക്കുന്നവാരാണു വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിധി നിശ്ചയിക്കാൻ പോകുന്ന അരാഷ്ട്രീയ വാദികളും. ഡോ. കെ.മോഹൻകുമാർ, വി.കെ.പ്രശാന്ത്, എസ്.സുരേഷ് മൂന്നു പേരും സമർത്ഥർ. ആരെ തള്ളണം ആരെ കൊള്ളണം ഇതാണ് മണ്ഡലത്തിൽ ഇപ്പോഴത്തെ ചർച്ച.
മണ്ഡലത്തിൽ ഓടിയെത്തി ഉമ്മൻചാണ്ടി
യുഡിഎഫ്സ്ഥാനാർഥി ഡോ. കെ.മോഹൻകുമാറിന്റെ തെരഞ്ഞെടുപ്പു പ്രചാരണം ഇന്നലെ തൊഴുവൻകോട് നിന്നാണ് ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടകൻ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു സംസ്ഥാനത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണു അദ്ദേഹം മോഹൻകുമാറിനു വേണ്ടി പ്രചാരണം നയിച്ചത്. കൂടാതെ കുന്നുകുഴി, നാലാഞ്ചിറ മേഖലകളി സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും ഉമ്മൻചാണ്ടി ഉദ്ഘാടകനായി.
ഉമ്മൻചാണ്ടിയെ കൂടാതെ യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാൻ, കോണ്ഗ്രസ് നേതാക്കളായ എം.എം.ഹസൻ, പി.സി.വിഷ്ണുനാഥ് എന്നിവർ മണ്ഡലത്തിൽ പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഇന്നലെ രാവിലെ ശാസ്തമംഗലം ലൈനിൽ കെ.മുരളീധരൻ എംപി മോഹൻകുമാറിനായി വീടുകൾ സന്ദർശിച്ചു വോട്ട് തേടി.
വികസനങ്ങൾ ഉൗന്നിപ്പറഞ്ഞു കടകംപള്ളി
കുറവൻകോണത്തു നിന്നായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി വി.കെ.പ്രശാന്തിന്റെ വാഹന പര്യടനത്തിന്റെ തുടക്കം. മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവരായിരുന്നു ഇന്നലത്തെ പ്രശാന്തിന്റെ പ്രചാരകർ. നിപ്പ പ്രതിരോധവും ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി ശൈലജയുടെ പ്രചാരണം. കുടുംബയോഗങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങളായിരുന്നു രണ്ടു മന്ത്രിമാരുടെയും പ്രചരണായുധം.
കെ.ബി.ഗണേശ് കുമാർ എംഎൽഎയും ഇന്നലെ മണ്ഡലത്തിൽ പ്രശാന്തിനായി സജീവമായിരുന്നു.
സുരേഷിനൊപ്പം ബിഡിജെഎസും
എൻഡിഎ സ്ഥാനാർഥി എസ്.സുരേഷിനായി ബിഡിജെഎസ് ഇന്നലെ സജീവമായി പ്രചാരണത്തിനിറങ്ങി. വൈകുന്നേരം നാലിന് പട്ടം മരപ്പാലത്ത് നിന്നാണ് രണ്ടാമത്തെ വാഹന പര്യടനം ആരംഭിച്ചത്. പട്ടത്തെത്തിയ സ്ഥാനാർഥി സുരേഷിനെ അമ്മമാർ ആരതി ഉഴിഞ്ഞാണു സ്വീകരിച്ചത്. തുടർന്നു നിരവധി മുത്തുകുടയുടേയും വാദ്യമേളങ്ങളുടേയും അകന്പടിയോടെ കാൽനടയായി മരപ്പാലം ജംഗ്ഷനിലേയ്ക്ക്.
മരപ്പാലം ജംഗ്ഷനിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടേയുമാണ് പ്രവർത്തകർ സുരേഷിനെ വരവേറ്റത്. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു പര്യടനം ഉദ്ഘാടനം ചെയ്തു. കേശവദാസപുരം ഏരിയായിലെ വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി വൈകി പരുത്തിപ്പാറയിലാണ് രണ്ടാമത്തെ വാഹന പര്യടനം സമാപിച്ചത്.
ഇന്നു രാവിലെ മരുതംകുഴി ഉദിയന്നൂർ ക്ഷേത്ര നടയിൽ നിന്നാരംഭിക്കുന്ന വാഹന പര്യടനം ഉച്ചയ്ക്ക് എസ്.കെ ഹോസ്പിറ്റൽ ജംഗ്ഷന് മുന്നിൽ സമാപിക്കും.