തൃശൂർ: ഈ മാസം 31നകം റോഡുകൾ നന്നാക്കിയില്ലെങ്കിൽ എൻജിനിയർമാരെ സസ്പെൻഡ് ചെയ്യുമെന്ന പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ ഭീഷണിക്ക് പുല്ലുവില. റോഡുകൾ നന്നാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും ഇതുവരെയും പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ അനങ്ങിയിട്ടില്ല. മന്ത്രിയുടെ അന്ത്യശാസനം അവസാനിക്കാൻ ഇനി 14 ദിവസം മാത്രം.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ എ്ൻജിനിയർമാർ മന്ത്രി സുധാകരനെ വെല്ലുവിളിക്കാൻ തന്നെയാണ് തീരുമാനം. മന്ത്രി പറഞ്ഞ സമയത്തിനുള്ളിൽ റോഡുകൾ നന്നാക്കാൻ ആകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർക്ക്. മഴ മാറി നിന്നതോടെ റോഡുകൾ നന്നാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും കുഴി മൂടാനുള്ള നടപടികൾ പോലും എടുത്തിട്ടില്ല. മന്ത്രി തങ്ങളെ പുറത്താക്കുന്നത് ഒന്ന് കാണട്ടെയെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്ന് പറയുന്നു.
കഴിഞ്ഞ മാസം 23ന് പുഴയ്ക്കൽ പാലം ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി സുധാകരന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒക്ടോബർ 31നുള്ളിൽ തീർക്കുമെന്നും ഇല്ലെങ്കിൽ എൻജിനിയർമാരെ സസ്പെൻഡ് ചെയ്യുമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ അന്നുണ്ടായിരുന്ന റോഡുകളുടെ അവസ്ഥ കൂടുതൽ പരിതാപകരമായി എന്നല്ലാതെ റോഡിന്റെ അറ്റകുറ്റപ്പണികൾ മാത്രം നടന്നില്ല.
റോഡ് ടാർ ചെയ്യുന്നതിനുവരെ മഴ മാറി നിന്നിരുന്നു. മന്ത്രി ഉദ്ഘാടനം ചെയ്ത പുഴയ്ക്കൽ പാലത്തിനു സമീപമുള്ള റോഡിന്റെ കുഴികൾ ഇപ്പോഴും അതേ സ്ഥിതിയിൽ തന്നെയാണ്. കുഴികൾ അടയ്ക്കാൻ പോലും ഉദ്യോഗസ്ഥർ മുൻകൈയെടുത്തില്ല. ഈ കുഴികളുള്ളതിനാൽ ഇപ്പോഴും ഗതാഗതകുരുക്കുണ്ടാകാറുണ്ട്. എൻജിനിയർമാർക്കെതിരെ പരസ്യമായി കളിയാക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ മന്ത്രിയുടെ വാക്ക് പാലിക്കാതിരിക്കാനുള്ള നീക്കവും ഇതിനിടയിൽ നടത്തുന്നുണ്ട്.
ഇനി മഴയുടെ പേരു പറഞ്ഞ് മന്ത്രിയുടെ മുന്പിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് എൻജിനിയർമാരുടെ തീരുമാനം. മന്ത്രി എൻജിനിയർമാരെ മൊത്തമായി സസ്പെൻഡ് ചെയ്യുന്നതൊന്ന് കാണട്ടെയെന്നാണ് പല ഉദ്യോഗസ്ഥരുടെയും നിലപാട്. മന്ത്രി ഇടപെട്ടിട്ടുപോലും റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തത് ഗുരുതര പ്രശ്നങ്ങളിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.
ദേശീയപാതയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഉദ്യോഗസ്ഥർ കാര്യങ്ങൾ നടത്തിയില്ലെങ്കിൽ തന്റെ പഴയ നക്സൽ നിലപാട് എടുക്കേണ്ടി വരുമെന്നു വരെ കേന്ദ്രമന്ത്രി നിതിൻഗഡ്കരി പറഞ്ഞിരുന്നു. ഈ സാഹചര്യം തുടർന്നാൽ ജനങ്ങൾക്കും ഈ നിലപാട് എടുക്കേണ്ടി വരുന്ന സാഹചര്യമാണ് സംജാതമാകുന്നത്.