നെടുങ്കണ്ടം: വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമി എല്ലാ നിയമങ്ങളും കാറ്റിൽപറത്തി സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മന്ത്രി എം.എം. മണി വീതിച്ചു നൽകുകയാണെന്ന് കെപിസിസി അംഗം ശ്രീമന്ദിരം ശശികുമാർ ആരോപിച്ചു.
പൊൻമുടിയിൽ 21 ഏക്കർ ഭൂമി മന്ത്രിയുടെ മരുമകൻ പ്രസിഡന്റായ രാജാക്കാട് സഹകരണ ബാങ്കിനും പള്ളിവാസൽ ഡാമിന്റെ ഭാഗമായ 17 ഏക്കർ മാർക്സിസ്റ്റ് നേതാവായ കെ.വി. ശശി പ്രസിഡന്റായ മൂന്നാർ സഹകരണ സംഘത്തിനും 25 വർഷത്തേക്ക് നൽകിയിരിക്കുകയാണ്. ആവശ്യമെങ്കിൽ ഇഷ്ടമുള്ളവർക്ക് മറിച്ചുനൽകാൻ കഴിയുന്ന വ്യവസ്ഥകളോടെയാണ് ഭൂമി കൈമാറ്റം നടന്നത്.
ആനയിറങ്കലിൽ 20 ഏക്കറോളം ഭൂമി പെരുന്പാവൂരിലുള്ള ഒരു കടലാസ് സൊസൈറ്റിക്കും മാട്ടുപ്പെട്ടിയിൽ മറ്റൊരു കടലാസ് സംഘത്തിനും ഇതേ വ്യവസ്ഥയിൽ ഭൂമി നൽകിയിരിക്കുകയാണ്. വൈദ്യുതി ബോർഡ് ലാഭകരമായി നടത്തുന്ന ഹൈഡൽ ടൂറിസം പദ്ധതികളാണ് സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇപ്രകാരം നൽകിയിരിക്കുന്നത്.
സർക്കാർ സന്പത്ത് ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും നൽകിയിരിക്കുന്നത് വ്യക്തമായ വ്യവസ്ഥകൾപോലും ഇല്ലാതെയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമായി നൽകിയിരിക്കുന്ന ഭൂമി തിരികെ എടുത്ത് കെ എസ്ഇബിയുടെ നേതൃത്വത്തിൽ ഹൈഡൽ ടൂറിസം പദ്ധതികൾ നടത്താൻ നടപടികൾ സ്വീകരിക്കണമെന്നും ശ്രീമന്ദിരം ശശികുമാർ ആവശ്യപ്പെട്ടു.