നെടുങ്കണ്ടം: കപ്പയിൽനിന്നും സയനൈഡ് വേർതിരിച്ച് ചെമ്മണ്ണാറിലെ പെണ്‍കുട്ടികൾ! കല്ലാർ സ്കൂളിൽ നടക്കുന്ന നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേളയിലാണ് ഞെട്ടിക്കുന്ന കണ്ടുപിടിത്തം. കപ്പയിൽനിന്നും സയനൈഡ് ഉത്പാദിപ്പിച്ച് അത് വിഷമായും കീടനാശിനിയായും ഉപയോഗിക്കുന്ന വിദ്യ അവതരിപ്പിച്ചാണ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അമ്മു ആഗ്നസ് സണ്ണിയും ശ്രദ്ധ മരിയ സജിയും ഹൈസ്കൂൾ വിഭാഗം റിസേർച്ച് ആൻഡ് പ്രോജക്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയത്.
കപ്പയില കഴിച്ചാൽ മൃഗങ്ങൾ ചാകുന്നതും അധികം കപ്പ കഴിച്ചാൽ മനുഷ്യർക്കു മയക്കം തോന്നുന്നതും കപ്പയിലെ സയനൈഡിന്റെ സാന്നിധ്യമാണെന്നാണ് കുട്ടിശാസ്ത്രജ്ഞരുടെ പക്ഷം. കപ്പ വേവിക്കുന്പോൾ 99 ശതമാനം സയനൈഡും നിർവീര്യമാവും. എന്നാൽ ബാക്കിയുളള ഒരു ശതമാനമാണ് മനുഷ്യർക്ക് മയക്കം, ഗ്യാസ്ട്രബിൾ തുടങ്ങിയവ സമ്മാനിക്കുന്നത്.
ഇതിനും കുട്ടിശാസ്ത്രജ്ഞർ പ്രതിവിധി പറയുന്നുണ്ട്. കപ്പയോടുകൂടി ഇറച്ചിയോ മീനോ കഴിച്ചാൽ മതി. അവയിലെ നൈട്രേറ്റുകൾ സയനൈഡിനെ ഇല്ലായ്മ ചെയ്യുമെന്നും ഇതിനെകുറിച്ചുള്ള നല്ല ബോധം പഴയ ആളുകൾക്കുണ്ടായിരുന്നതായും ഇത് കപ്പ കഴിക്കുന്നവർ മറക്കരുതെന്നും കുട്ടികൾ ഓർമപ്പെടുത്തുന്നു.