അഞ്ചല്‍: ചടയമഗലത്ത് ഹോട്ടലില്‍ നിന്നും പാഴ്സലായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് മൂന്നുവയസുകാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തില്‍ മരണ കാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കുട്ടിക്ക് ന്യുമോണിയ ലക്ഷണം ഉണ്ടായിരുന്നതായും ന്യുമോണിയയും കഴിച്ച ആഹാരം ദഹിക്കാതെ വന്നതിനാലുമാണ് മരണം സംഭാവിച്ചതെന്നുമാണ് പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരത്തില്‍ പറയുന്നത്.
അതേസമയം തന്നെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണ വിവരം ലഭിക്കാന്‍ ഇനിയും വൈകുമെന്നും ആന്തരികവയവങ്ങളുടെ കെമിക്കല്‍ പരിശോധനയുടേതടക്കം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ മരണ വിവരം അറിയാന്‍ സാധിക്കുകയുള്ളൂവെന്നും ചടയമഗലം പോലീസ് പറഞ്ഞു.
അന്നേ ദിവസമോ മുന്‍പോ ഹോട്ടലില്‍ നിന്നും ആഹാരം കഴിച്ചവര്‍ക്ക് ആര്‍ക്കും മറ്റ് അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും ഹോട്ടല്‍ പരിശോധന നടത്തിയതില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഭക്ഷ്യ സുരക്ഷ അധികൃതരും വ്യക്തമാക്കി.
രണ്ടു ദിവസം മുമ്പാണ് ചടയമഗലം കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍-പ്രിയ ദമ്പതികളുടെ മകള്‍ മൂന്നുവയസുകാരി ഗൗരി നന്ദന മരിച്ചത്. ഹോട്ടലില്‍ നിന്നും വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പോലീസില്‍ നല്കിയ മൊഴി.