ഇരിങ്ങാലക്കുട: നായ്ക്കളിൽ കണ്ടുവരുന്ന ഡോഗ്ഹാർട്ട് വേം അഥവാ ഡിറോ ഫൈലേറിയ വിര മനുഷ്യരിലും. നായ്ക്കളിൽനിന്ന് കൊതുകുകൾ വഴി നായ്ക്കളിലേക്കുതന്നെ വ്യാപിച്ചിരുന്ന ഇവ കൊതുകുകൾ വഴി മനുഷ്യശരീരത്തിലും എത്തുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇരിങ്ങാലക്കുട മേഖലയിൽ മാസത്തിൽ ഒരാളുടെ കണ്ണിൽനിന്നെങ്കിലും ഇത്തരത്തിൽ ഡിറോ ഫൈലേറിയ വിരകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
കൊതുകുകൾ നായ്ക്കളെ കുത്തുന്പോൾ ഡിറോ ഫൈലേറിയയുടെ അണുക്കളായ മൈക്രോ ഫൈലേറിയ കൊതുകുകളിലെത്തും. പിന്നീട് ഈ കൊതുകുകൾ മനുഷ്യനെ കുത്തുന്പോൾ മനുഷ്യശരീരത്തിലെത്തി അടുത്തഘട്ടമായ ഡിറോ ഫൈലേറിയയായി മാറുന്നു. ഈ വിരകൾ അഞ്ചുമുതൽ പത്തുവർഷം വരെ ജീവിക്കും.
മനുഷ്യരിൽ കണ്ണുകൾക്ക് പുറമേ തൊലിപ്പുറത്തും ശ്വാസകോശത്തിലും ഡിറോ ഫൈലേറിയ കണ്ടുവരുന്നുണ്ട്. കണ്ണിൽ തടിപ്പ്, വേദന, കണ്ണ് വീർത്ത് കെട്ടുക, ചുവന്ന് തടിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഓരോന്നിനും 15 മുതൽ 20 സെന്റിമീറ്റർ നീളമുണ്ടാകുമെന്ന് ഇരിങ്ങാലക്കുട നേത്ര കണ്ണാശുപത്രിയിലെ നേത്രരോഗവിദഗ്ധ ഡോ. മീനു ദത്ത് പറഞ്ഞു. അപൂർവമായി മനുഷ്യരിൽ കണ്ടുവന്നിരുന്ന ഈ വിരകളുടെ പകർച്ച ഇപ്പോൾ കുടൂതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു.