മരട്: തീരപരിപാലന നിയമം ലംഘിച്ചു നിർമിച്ച മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ചചെയ്യാൻ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗം ഇടത്-വലത് മുന്നണി കൗൺസിലർമാരുടെ വിഴുപ്പലക്കൽ വേദിയായി. കെട്ടിടനിർമാണ ചട്ടലംഘനങ്ങൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ കെ.എ. ദേവസിയുടെ നേതൃത്വത്തിലാണു നടന്നതെന്നു നിലവിൽ ഭരണകക്ഷിയായ യുഡിഎഫ് ശക്തമായി ഉന്നയിച്ചു.
അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന കൗൺസിലർ ടി.കെ. ദേവരാജനാണ് ആരോപണം തൊടുത്തത്. പ്രസിഡന്റിന്റെ ഏകാധിപത്യമാണ് അക്കാലത്തു നടന്നിരുന്നതെന്നു ദേവരാജൻ പറഞ്ഞു. അനധികൃത നിർമാണങ്ങൾക്ക് തങ്ങൾ എതിരായിരുന്നെന്നു രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രേഖകൾ പിന്നീടു തിരുത്തിയതിനു തെളിവായി രണ്ടു വിധത്തിലുള്ള കൈപ്പടയിലും രണ്ടു കളർ മഷിയിലും എഴുതിയ മിനിറ്റ്സിന്റെ പകർപ്പ് കോൺഗ്രസ് കൗൺസിലർ പി.ജെ. ജോൺസൺ യോഗത്തിൽ ഉയർത്തി.
മിനിറ്റ്സിന്റെ കോപ്പി തങ്ങൾക്കു ലഭിക്കാറില്ല. യോഗം കഴിഞ്ഞ് ആഴ്ചകൾക്കുശേഷമാണ് മിനിറ്റ്സ് എഴുതി പരസ്യപ്പെടുത്തുന്നത്. ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അനധികൃത നിർമാണങ്ങൾക്ക് അന്നത്തെ സിപിഎം ഭരണസമിതി അനുമതി നേടുകയായിരുന്നുവെന്നും കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.
തലയിൽ പൂടയുള്ള കോഴിക്കള്ളന്റെ അവസ്ഥയിലാണ് കോൺഗ്രസ് കൗൺസിലർമാരെന്നും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയാത്തതിലുള്ള മനോവിഷമത്തിലാണ് അവരെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കൗൺസിലർ കെ.എ. ദേവസി പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്തുകയാണു ലക്ഷ്യം. തന്റെ ഭരണകാലത്ത് തോന്ന്യാസമാണ് പഞ്ചായത്തിൽ നടന്നിരുന്നതെന്നുള്ള ടി.കെ. ദേവരാജന്റെ ആരോപണം മിനിറ്റ്സിൽ രേഖപ്പെടുത്തരുതെന്നും ദേവസി ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയിൽ ഇപ്പോഴും തീരപരിപാലന നിയമം ലംഘിച്ചുള്ള നിർമാണം നടക്കുന്നതായി പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഇടതു സർക്കാർ എന്തുകൊണ്ടാണു നടപടിയെടുക്കാത്തതെന്നു കോൺഗ്രസ് അംഗങ്ങൾ തിരിച്ചുചോദിച്ചു. നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ യോഗത്തിനെത്താത്തതിനെയും അംഗങ്ങൾ വിമർശിച്ചു.
ഫ്ലാറ്റു പൊളിക്കലുമായി ബന്ധപ്പെട്ടാണ് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല സുപ്രീം കോടതി സബ് കളക്ടർക്ക് നൽകിയത്. പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത അടിയന്തര കൗൺസിലിൽ പോലും സബ് കളക്ടറെത്തിയില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്കു നിയമസാധുതയില്ലെന്നും വിശദീകരണമുണ്ടായി.
ക്രമക്കേടുകളുടെയെല്ലാം ഉത്തരവാദിത്വം അന്നത്തെ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കാണെന്നും തുടർ നടപടികൾ സർക്കാരിനു വിടുകയാണെന്നും ചൂണ്ടിക്കാട്ടി അടിയന്തര കൗൺസിൽ യോഗം അവസാനിപ്പിച്ചു.