കൊച്ചി: പരസ്പര സഹകരണത്തിന്റെ പാതയിലൂടെയുള്ള നെതര്‍ലന്‍ഡ്സിന്റെയും ഇന്ത്യയുടെയും പ്രയാണം അനുസ്യൂതം തുടരുമെന്നു നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടര്‍. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു തുടക്കംകുറിച്ചു മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരത്തിലെത്തിയതായിരുന്നു രാജാവും രാജ്ഞി മാക്സിമയും.
സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും കൊച്ചി മേയര്‍ സൗമിനി ജയിന്റെയും നേതൃത്വത്തില്‍ ഡച്ച് വാസ്തുവിദ്യയില്‍ നവീകരിച്ച കൊട്ടാരത്തിലേക്ക് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിച്ചു.
“ഇന്ത്യയും നെതര്‍ലന്‍ഡ്സും: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ കൊട്ടാരത്തിലെ ഛായാചിത്ര ഹാളില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത രാജാവും രാജ്ഞിയും കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി കണ്ടു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാര്‍ തയാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദര്‍ശനം കൊട്ടാരത്തില്‍ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. രാജസന്ദര്‍ശനത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ ഡച്ച് ഗാലറിയില്‍ നെതര്‍ലന്‍ഡ്സ് നാഷണല്‍ ആര്‍ക്കൈവ്സ് മുന്‍കൈയെടുത്താണു ഭൂപടങ്ങള്‍ സ്ഥാപിച്ചത്. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
കേരള ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജെ. രജികുമാര്‍, നെതര്‍ലന്‍ഡ്സ് നാഷണല്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡി.ജി. മറെന്‍സ് ഏഞ്ചല്‍ഹാഡ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. രാജാവും രാജ്ഞിയും അതിനു സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, വിദേശകാര്യ മന്ത്രാലയ സ്പെഷല്‍ ഓഫീസര്‍ മന്‍ജീത് സിംഗ്, പൊതുഭരണ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ഐജി വിജയ് സാക്കറേ, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലി, അസി. കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, പുരാവസ്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, അഡീ. സെക്രട്ടറി കെ. ഗീത, ഡച്ച് സന്ദര്‍ശനത്തിന്റെ പ്രോജക്ട് ലീഡര്‍ പെട്ര സ്മള്ഡേഴ്സ്, പ്രോഗ്രാം ഡയറക്ടര്‍മാരായ ജിന്ന സ്മിത്ത്, പോള്‍ മൂര്‍സ്, പ്രോഗ്രാം മാനേജര്‍ ജോന് വാന്‍ ലെന്ഗന്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജോയന്റ് ഡയറക്ടര്‍ ഡോ. എം. നമ്പിരാജന്, സൂപ്രണ്ട് കെ.പി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.