ആലുവ: ചെറുകിട ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് തുടരുന്നു. ലോട്ടറി വാങ്ങിയശേഷം ചില്ലറയില്ലെന്നു പറഞ്ഞു തിരികെ പഴയ ലോട്ടറി നൽകിയാണ് ഇത്തവണ തട്ടിപ്പ്. ആലുവയിലും കടുങ്ങല്ലൂരിലും വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി തട്ടിപ്പു നടന്നതിന് പിന്നാലെയാണ് ഏലൂരിൽ തട്ടിപ്പ് അരങ്ങേറിയത്. ഏലൂർ പാതാളം ഇഎസ്ഐക്കു സമീപം താമസിക്കുന്ന 71 വയസുകാരി കാർത്തുവിനെയാണ് യുവാവ് കബളിപ്പിച്ചത്.
ഇന്നലെ രാവിലെ കാർത്തുവിന്റെ പക്കൽനിന്ന് വൈകിട്ട് നറുക്കെടുക്കുന്ന 20 കാരുണ്യ പ്ലസ് ടിക്കറ്റ് യുവാവ് വാങ്ങി. 600 രൂപയ്ക്കു പകരം 2000 രൂപയുടെ നോട്ടാണ് നൽകിയത്. ചില്ലറയില്ലെന്നു പറഞ്ഞപ്പോൾ സമീപത്തെ കടയിൽനിന്നു മാറിയെടുക്കാമെന്ന് പറഞ്ഞ് യുവാവ് അൽപം നടന്നു. പിന്നീട് തിരിച്ചെത്തി ചില്ലറ കിട്ടിയില്ലെന്ന് പറഞ്ഞ് എടുത്ത ടിക്കറ്റുകൾ എന്ന വ്യാജേന ബുധനാഴ്ച നറുക്കെടുത്ത അക്ഷയ പ്ളസ് ടിക്കറ്റുകൾ മടക്കി നൽകുകയായിരുന്നു.
ടിക്കറ്റുകൾ ചുരട്ടി നൽകിയതിനാൽ ടിക്കറ്റ് മാറ്റിയ വിവരം കാർത്തുവിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. യുവാവ് സ്ഥലം വിട്ട ശേഷമാണ് കബളിപ്പിക്കപ്പെട്ട കാര്യം വ്യക്തമായത്. യുവാവ് കബളിപ്പിച്ചെടുത്ത പികെ 362044 നമ്പർ ടിക്കറ്റിൽ 5,000 സമ്മാനം അടിക്കുകയും ചെയ്തിട്ടുണ്ട്. കടുങ്ങല്ലൂർ മുപ്പത്തടം ധന്യ ലോട്ടറി ഏജൻസിയിൽനിന്നാണ് കാർത്തു ടിക്കറ്റുകൾ വാങ്ങുന്നത്. സ്വന്തം ആവശ്യത്തിന് പണം കണ്ടെത്തുന്നതിനായി കാർത്തു വർഷങ്ങളായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്നുണ്ട്. ആദ്യമായാണ് കബളിപ്പിക്കലിന് ഇരയായത്.