കാസര്‍ഗോഡ്: ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി മൊഴിനല്‍കിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താ ന് നാവികസേനയുടെ ഐറോവ് സ്കാനറെത്തിച്ചു. ഇന്നലെ രാവിലെയാണ് കൊച്ചിയില്‍ നിന്നുള്ള വിദഗ്ധസംഘം കാസര്‍ഗോഡെത്തി ചന്ദ്രഗിരിപ്പുഴയില്‍ ഐറോവ് സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചത്. കല്ലുകെട്ടി താഴ്ത്തിയെന്ന് പറയുന്ന തെക്കില്‍പാലത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെവരെയാണ് ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്തുന്നത്.
ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഡൈവേഴ്സ് ഹാന്‍ഡ് ഹെല്‍ഡ് സോണാര്‍ (ഡിഎച്ച്എച്ച്എസ്) സംവിധാനം ഉപയോഗിച്ചും പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. സോണാര്‍ സിസ്റ്റം വഴി എന്തെങ്കിലും സൂചന ലഭിച്ചാല്‍ അവിടെ മുങ്ങിത്തപ്പാനാണ് തീരുമാനം. കൊല്ലം ഇരവിപുരം സ്വദേശിനിയായ പ്രമീള(30)യുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ നിന്ന് കല്ലുകെട്ടി പുഴയിലേക്ക് തള്ളിയതായാണ് അറസ്റ്റിലായ ഭര്‍ത്താവ് തളിപ്പറമ്പ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ(34) മൊഴി നല്‍കിയത്.
മറ്റൊരു യുവതിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമാണെന്നുകണ്ട് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രമീള ജില്ലാ സപ്ലൈ ഓഫീസിലെ താത്കാലിക സ്വീപ്പറും സെല്‍ജോ കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായിരുന്നു. കാസര്‍ഗോഡ് ഡിവൈഎസ്പി പി.പി. സദാനന്ദന്, സിഐമാരായ വി.വി. മനോജ്, അബ്ദുൾ റഹീം, എസ്ഐ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.