കേളകം: മറ്റൊരു വിദേശ പഴവർഗംകൂടി മലയോരത്ത് വിളവെടുത്തു. ഏറെ ഔഷധഗുണമുള്ള മക്കോട്ടദേവയാണ് അടയ്ക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ തോമസിന്റെ കൃഷിയിടത്തിൽ വിളവെടുത്തത്.
മാനവരാശിയുടെ രക്ഷയ്ക്കായി സ്വര്‍ഗത്തില്‍നിന്നു കൊണ്ടുവന്ന പഴം എന്നാണ് മക്കോട്ടദേവ എന്ന പേരിനര്‍ഥം. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ തനത് ഫലവര്‍ഗമായ മക്കോട്ടദേവ കേരളത്തില്‍ ആദ്യം വിളവെടുത്തത് കോട്ടയം സ്വദേശിയാണ്. അവിടെനിന്നാണ് വിദേശ ഫലവൃക്ഷങ്ങളെ പ്രണയിക്കുന്ന തോമസ് തൈ വാങ്ങി സ്വന്തം കൃഷിയിടത്തിൽ നട്ടുവളർത്തി വിളവെടുത്തത് .
18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഉഷ്ണമേഖലാ ഫലവര്‍ഗമാണ് മക്കോട്ടദേവ. പലേറിയ മാക്രോകാര്‍പ എന്നാണ് ശാസ്ത്രനാമം. അലങ്കാരസസ്യമായും വളര്‍ത്താവുന്ന ഒന്നാണിത്. 10 മുതല്‍ 20 വര്‍ഷം വരെയാണ് ആയുസ്. പഴത്തിന് ആദ്യം പച്ചനിറവും പാകമാകുമ്പോള്‍ ചുവപ്പുകലര്‍ന്ന മജന്ത നിറവുമായിരിക്കും. കുരുവിന് ചെറിയ വിഷാംശവുമുണ്ട്. എന്നാല്‍, ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു.
പ്രമേഹരോഗികള്‍ ക്ഷീണം കുറയ്ക്കാൻ ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇത് അറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും മക്കോട്ട ദേവ പ്രശസ്തമാണ് .
ത്വക്ക്രോഗങ്ങള്‍ക്കും ഔഷധമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, സ്ട്രോക്ക്, ഉയര്‍ന്ന കൊളസ്ട്രോള്‍, കിഡ്നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്നങ്ങള്‍, ടോണ്‍സലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഇതിന് കഴിവുണ്ടെന്നാണ് കണ്ടെത്തൽ.
മനുഷ്യശരീരത്തിന് അവശ്യംവേണ്ട നാല് രാസപദാര്‍ഥങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറച്ച് ഹൃദ്രോഗസാധ്യത ലഘൂകരിക്കുന്ന ഫ്ളാവോനോയ്ഡ്, ശരീരത്തില്‍നിന്ന് വിഷാംശം നീക്കുന്ന ആല്‍ക്കലോയ്ഡ്, വൈറസിനെയും ബാക്ടീരിയയെയും തുരത്തുന്ന സപോനിന്‍, അലര്‍ജികള്‍ അകറ്റാന്‍ സഹായിക്കുന്ന പോളിഫെനോള്‍ എന്നിവയാണിവ. എന്നാല്‍ ഗര്‍ഭിണികള്‍ ഇത് ഉപയോഗിക്കാന്‍ പാടില്ല.
ചെടികൾ നട്ട് രണ്ടുവർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങുമെന്ന് തോമസ് പറഞ്ഞു. ഇത് പഴുത്തുകഴിഞ്ഞാൽ നേരിട്ട് കഴിക്കാറില്ല. സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് വെള്ളമൊഴിക്കുകയും വളം ഇടുകയും ചെയ്താൽ നല്ല കായ്ഫലം കിട്ടും. ഒരു മരത്തിൽനിന്ന് ശരാശരി 100-120 കായകൾ ലഭിക്കും. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ 150 ഗ്രാം മുതൽ 200 ഗ്രാം വരെ തൂക്കമുണ്ട്. നന്നായി പാകമായശേഷമാണ് കായകൾ പറിച്ചെടുക്കേണ്ടത്. പഴങ്ങൾ ചെറുതായി അരിഞ്ഞ് വെയിലത്തുണക്കി സംസ്കരിച്ചാണ് ഉപയോഗിക്കുന്നത്.