കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷകളിൽ ഫെയർ സ്റ്റേജ് മീറ്റർ നിർബന്ധമാക്കിയതോടെ മോട്ടോർ വാഹന വകുപ്പും ട്രാഫിക് പോലീസും പരിശോധനകൾ കർശനമാക്കി. ഓട്ടോറിക്ഷകൾ മീറ്റർ പ്രവർത്തിപ്പിച്ചാണോ സർവീസ് നടത്തുന്നതെന്നും ഓട്ടോറിക്ഷകൾക്ക് ടൗണ്‍ പെർമിറ്റ് ഉണ്ടോയെന്നുമാണ് പരിശോധിക്കുന്നത്. ഇന്നലെ എട്ട് ഓട്ടോ ഡ്രൈവർമാർക്കെതിരേയാണ് നടപടിയെടുത്തത്. ഇതിൽ നാലെണ്ണം മീറ്ററിട്ട് ഓടാത്തതിനും മറ്റു നാലെണ്ണം ടൗണ്‍ പെർമിറ്റ് ഇല്ലാത്തതിനുമാണ്. ഇന്നു രാവിലെ മുതൽ വീണ്ടും പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
ടൗണ്‍ പെർമിറ്റ് ഇല്ലാതെ ഓടിയതിന് ചുങ്കം ഭാഗത്തുനിന്നുള്ള നാല് ഓട്ടോക്കാർക്കെതിരേയാണ് നടപടിയെടുത്തത്. മീറ്റർ പ്രവർത്തിപ്പിക്കാത്തതിനു നഗരത്തിലുള്ള നാലു ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.എസ്. രാജേഷ്, ഒ.എസ്. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളും ട്രാഫിക് പോലീസുമാണ് പരിശോധനകൾക്കു നേതൃത്വം നല്‍കുന്നത്.
നിയമം കർശനമാക്കിയതോടെ മീറ്ററിട്ടാണ് ഇന്നലെ ബഹുഭൂരിപക്ഷം ഓട്ടോറിക്ഷകളും സർവീസ് നടത്തിയത്. മീറ്റർ ചാർജ് വാങ്ങി മാതൃക കാണിച്ചവരാണ് ഏറെയും.മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത നിരക്ക് വാങ്ങുന്നവർക്ക് എതിരെ പരാതി നൽകാൻ വാട്ട്സ്ആപ്പും ഫോണ്‍ നന്പരുമുണ്ടെന്ന് അധികൃതർ അറിയിച്ചു.
പരാതികളും അനുബന്ധവീഡിയോകളും 8547639005 എന്ന നന്പരിൽ വാട്ട്സ്ആപ് സന്ദേശമായി അയയ്ക്കാം. 0481-2560429 എന്ന നന്പരിലും വിളിച്ചും പരാതി നല്‍കാം.വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതകർ അറിയിച്ചു.