വണ്ടിത്താവളം: തങ്കം തീയേറ്റർ ജംഗ്ഷൻ മുതൽ പള്ളിമൊക്കുവരേയുള്ള സ്ഥലങ്ങളിൽ തെരുവുനായകളുടെ പരക്കംപാച്ചിൽ കാൽനട, ഇരുചക്രവാഹനയാത്രക്കാർക്കും സ്ഥിരം ഭീഷണിയായിരിക്കുകയാണ്. നായശല്യം രൂക്ഷമായതോടെ പ്രഭാത വ്യായാമത്തിനു നടക്കുന്നവർക്കും ഭീഷണിയായി.
പള്ളിമൊക്ക്, പച്ചക്കറിച്ചന്ത, ത പാലാഫീസ് ജംഗ്ഷൻ, നെടുന്പള്ളം റോഡ്, തങ്കം തീയേറ്റർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നായ ശല്യം കൂടുതലായിരിക്കുകയാണ്. ടൗണിലെ ട്യൂട്ടോറിയലുകളിൽ ട്യൂഷനു എത്തുന്ന വിദ്യാർത്ഥികളും തെരുവുനായ ഭയത്തിലാണ് സഞ്ചാരം. 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിനകത്താണ് നായക്കൂട്ടം തന്പടിച്ചിരിക്കുന്നത്.
സ്കൂളിനകത്തു പുല്ലു തിന്നുകയായിരുന്ന രണ്ടു ആടുകളെ തെരുവ് നായകൾ കൂട്ടത്തോടെ കടിച്ചു കൊലപ്പെടുത്തിയ സംടവം നടന്നിരുന്നു. ഇതിനു ശേഷം പ്രഭാതസമയങ്ങളിൽ സ്കൂളിൽ എത്തുന്നവർ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഏറെ സമയം നിന്ന ശേഷമാണ് സ്കൂളിൽ പ്രവേശിക്കുന്നതു്. കഴിഞ്ഞ മാസം പേയിളകിയ നായ രണ്ടു ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ പന്ത്രണ്ട് പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.
നായകുറുകെ ഓടിയതുമൂലം ഇരുചക്രവാഹനം മറിഞ്ഞ യാത്രക്കാർ പരിക്കേറ്റ പത്തിലധികം അപകടം നടന്നിരുന്നു. അയ്യപ്പൻകാവിൽ നായ റോഡിനു കുറുകെ ഓടി സ്ക്കൂട്ടർ മറിഞ്ഞ് ഒരു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് വണ്ടിത്താവളം ടൗണ്‍. പേയിളകിയ നായ സ്ഥലത്തെ നിരവധി തെരുവു നായകളേയും കടിച്ചിട്ടുണ്ടു്. അടിയന്തരമായി ടൗണിൽ തെരുവുനായകളെ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.