കൊല്ലങ്കോട്: ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ പത്തു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ആയുർവേദ ആശുപത്രി മദ്യവിൽപ്പനശാലക്കു വേണ്ടി സ്ഥലംമാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. മദ്യശാല വിപുലീകരണത്തിനായാണത്രെ സ്ഥലമാറ്റം നടപടി ആരംഭിച്ചിരിക്കുന്നത്. 2010 ൽ പ്രത്യേകപദ്ധതിയിൽ വകയിരുത്തിയാണ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച ആശുപത്രികെട്ടിടം പ്രവർത്തിച്ചു വരുന്നത്.
വിവിധ സ്ഥലങ്ങളിൽ നിന്നും ബസ്സിൽ വരുന്നവർക്ക് നേരിട്ട് ആശുപത്രി കോന്പൗണ്ടിൽ എത്താൻ കഴിയും. എന്നാൽ കഴിഞ്ഞ ഒരു വർഷം മുൻപാണ് ബസ് സ്റ്റാൻഡിനടുത്ത് മദ്യശാല തുറന്നത്. പൊതു ജനത്തിനു ഉപകാരപ്രദമല്ലാത്ത പഞ്ചായത്ത് കാര്യാലയത്തിനടുത്താണ് ആയുർവേദ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ഭരണ സമിതി നീക്കം നടത്തുന്നത്. ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കാനു ള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യാ പാലക്കാട് യൂണിറ്റ് ഭാരവാഹികൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
വാഹന സഞ്ചാരം ഉൾപ്പെടെ അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടത്തിലേക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ: യു റാം ദാസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ.പി കെ. ഹരിദാസ്, ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടറി ഡോ: സതീഷ്കുമാർ എന്നിവർ ആരോപിച്ചു. എന്നാൽ ആശുപത്രി സ്ഥലംമാറ്റം സംബന്ധമായി പഞ്ചായത്ത് കാര്യാലയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നു കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ് വെളിപ്പെടുത്തി.