മലയാളത്തിലെ അനശ്വര നടന്മാരില് ഒരാളായിരുന്നു കെ.പി ഉമ്മര്‍. അതേ ഉമ്മറിന്റെ കാക്കപ്രിയത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് രാഘവന്. കാക്കയിറച്ചി ഉമ്മറിന്റെ ഒരു ദൗര്‍ബല്യമായിരുന്നുവെന്നും എവിടെ കാക്കകളെ കണ്ടാലും വേട്ടയാടി പിടിച്ച് കറിവെച്ചു കഴിക്കുന്നത് ഉമ്മറിന്റെ ശീലമായിരുന്നുവെന്ന് രാഘവന് പറയുന്നു.
വിന്‍സെന്റ് സംവിധാനം ചെയ്ത നഖങ്ങള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്കവേട്ട. പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനാകട്ടെ മലമുകളിലും. അതിനടുത്തുള്ള എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു തങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നതെന്ന് രാഘവന് പറയുന്നു.
”ബംഗ്ലാവില്‍ വെച്ചാണ് രസകരമായ കാര്യം നടന്നത് ഉമ്മുക്ക(കെ.പി ഉമ്മര്‍) ഒരു ഭക്ഷണപ്രിയനാണ്. അവിടെ എസ്റ്റേറ്റ് ഉടമസ്ഥന്റെ കൈവശമാകട്ടെ ഒരു എയര്ഗണുമുണ്ട്. നല്ല കറുത്ത കാക്കകള്‍ തലങ്ങും വിലങ്ങും പറന്നു നടപ്പുണ്ട് അവിടെ. നമ്മള് സാധാരണ കാണുന്ന കാക്കകളേക്കാളും വലുപ്പമേറിയതായിരുന്ന അവ.
ഇതു കണ്ടപ്പോള്‍ ഉമ്മുക്കയ്ക്ക് ഒരു ആഗ്രഹം. ഈ കാക്കകളെ വെടിവെച്ച് വീഴ്ത്തി അതിന്റെ ഇറച്ചി തിന്നണം. അങ്ങനെ ഉമ്മുക്ക തന്നെ ഒരു കാക്കയെ വെടിവെച്ച് വീഴത്തി കറി വെച്ചു കഴിക്കുകയും ചെയ്തു. ഓരോ സ്ഥലത്തും എന്താണോ സുലഭമായിട്ടുള്ളത് അത് കിട്ടണമെന്ന ചിന്താഗതിക്കാരനായിരുന്നു ഉമ്മറെന്നും രാഘവന് പറയുന്നു.