ചാത്തന്നൂർ: വരിഞ്ഞം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള 44-ാം നമ്പർ ആംഗൻവാടിയിലെ കുരുന്നുകൾ ദുരിതത്തിൽ .ആംഗൻവാടിയിൽ നിന്നും വളരെ അകലെ വാടക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയതാണ് കുഞ്ഞുങ്ങളെയും രക്ഷാകർത്താക്കളെയും ബുദ്ധിമുട്ടിലാക്കിയിട്ടുള്ളത്.
ഓടിട്ട കെട്ടിടത്തിലായിരുന്നു ആംഗൻ വാടി പ്രവർത്തിച്ചു കൊണ്ടിരുന്നത്.ഈ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് തകരാറുണ്ടെന്നും കെട്ടിടം പ്രവർത്തന യോഗ്യമല്ലെന്നും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതർ റിപ്പോർട്ട് നല്ലിയതിനെ തുടർന്ന് ആംഗൻവാടി ദൂരെയുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി.ദൂരെയുള്ള കെട്ടിടം തിരഞ്ഞെടുത്തത് ആംഗൻവാടി ടീച്ചറുടെ താല്പര്യപ്രകാരമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടം പുനർനിർമ്മിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇനി നിർമ്മിക്കുന്ന ആംഗൻവാടികൾ സ്മാർട്ട് ആംഗൻവാടികളായിരിക്കണമെന്ന് വകുപ്പ് ഉത്തരവ് നൽകിയിരു ന്നു.എന്നാൽ തുക അനുവദിച്ചതുമില്ല.കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെസഹായത്തോടെ ഫണ്ട് കണ്ടെത്തി സ്മാർട്ട്ആംഗൻ വാടികൾ നിർമ്മിക്കാൻ സർക്കാർ ഉത്തരവിറക്കി.
ഈ ഉത്തരവിനെ തുടർന്ന് സ്മാർട്ട് ആംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കാനാണ് ഐ.സി.ഡി.പി.ഓഫീസറന്മാരുടെ ശ്രമം.വരിഞ്ഞത്തെ വിവാദമായ ആംഗൻവാടിയ്ക്കും പഞ്ചായത്തിലെ മറ്റ് രണ്ട് ആംഗൻവാടികൾക്കും കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് നൽകിയിട്ടുണ്ടെന്ന് ഇത്തിക്കര ബ്ലോക്ക് ഐ.സി.ഡി.പി.ഓഫീസർ എൻ.രഞ്ജിജിനി പറഞ്ഞു.
10 സെന്റിൽ നിർമ്മിക്കാൻ 44 ലക്ഷം രുപയും 7 സെന്റിൽ നിർമ്മിക്കാൻ 43 ലക്ഷം രൂപയും വേണ്ടിവരുന്ന പദ്ധതികളാണ്. വരിഞ്ഞം ആംഗൻവാടി നിർമ്മിക്കാൻ 29 ലക്ഷം രൂപയുടെ പദ്ധതിയാണുള്ളത്.ദേശീയ ഗ്രാമീണ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്താൽ അഞ്ച് ലക്ഷം രൂപ വിനിയോഗിക്കാം.
രണ്ട് ലക്ഷം രൂപ ഐ.സി.ഡി.പി.അനുവദിക്കും. ബാക്കി തുക ഗ്രാമ പഞ്ചായത്ത് വിനിയോഗിക്കേണ്ടി വരുമെന്നും ഐ.സി.ഡി.പി.ഓഫീസർ അറിയിച്ചു.ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് കണ്ടെത്തലാണ് പ്രധാനം.കുട്ടികളുടെ ദുരിതം ഒഴിവാക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.