കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയേയും രണ്ടാം പ്രതി എം.എസ്. മാത്യു എന്ന ഷാജിയേയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും ചോദ്യം ചെയ്തത്.
പൊന്നാമറ്റത്ത് റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയേയും മറ്റു പ്രതികളേയും കസ്റ്റഡിയിലെടുത്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സിലിയുടെ മരണത്തില്‍ ഇരുവര്‍ക്കുമുള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചത്.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, പിതാവ് പി.ടി.സക്കറിയാസ് എന്നിവർക്ക് സിലിയുടെ മരണത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇവർക്കെതിരെ ചില സാക്ഷിമൊഴികൾ ലഭിച്ചിട്ടുണ്ട്. സിലിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്നറിയുന്നു.
സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയില്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ക്കുമുള്ള പങ്ക് വ്യക്തമാക്കും വിധത്തിലുള്ള തെളിവുകള്‍ക്ക് വേണ്ടിയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. അതേസമയം ജോളിയുടെ സുഹൃത്ത് പറമ്പില്‍ബസാര്‍ സ്വദേശിയായ റാണി ഇന്നലെ രാവിലെ തന്നെ വടകര എസ്പി ഓഫീസില്‍ ഹാജരായി.
കഴിഞ്ഞ ദിവസങ്ങളില്‍ റാണിയെ കുറിച്ച് അന്വേഷിച്ചെങ്കിലും മുങ്ങിയതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയാണ് റാണി ഇന്നലെ നേരിട്ട് വടകര എസ്പി ഓഫീസിലെത്തിയത്. വടകര റൂറല്‍ സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി റാണിയെ പിന്നീട് ചോദ്യം ചെയ്തു.
ജോളി അറസ്റ്റിലായതിനു പിന്നാലെയാണ് യുവതി മുങ്ങിയത്. തലശേരിയില്‍ കല്യാണത്തിനാണെന്ന് പറഞ്ഞാണ് ഇവര്‍ പോയതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്‍ഐടി പരിസരത്ത് തയ്യല്‍കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി അടുത്ത ബന്ധമായിരുന്നുളളതെന്നാണ് പറയുന്നത്.
ജോളിയുടെ മൊബൈല്‍ഫോണിലും റാണിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. കുടുംബശ്രീ ചെയര്‍പഴ്സണായിരുന്ന റാണി എന്‍ഐടിക്കടുത്ത് തയ്യല്‍കട നടത്തുമ്പോള്‍ ജോളി അതിനടുത്തുള്ള ഡ്രൈവിംഗ് സ്കൂളില്‍ എത്തിയിരുന്നു. അവിടെ നിന്നുള്ള ബന്ധമാണ് ഇരുവരേയും ഉറ്റസുഹൃത്തക്കളാക്കി മാറ്റിയത്. ജോളി കൊലപാതകം നടത്തിയതിന്റെ വിവരങ്ങള്‍ റാണിക്ക് അറിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.