കോട്ടയം: 36-ാമത് ദർശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേള നവംബർ ഒന്നു മുതൽ 10 വരെ വിവിധ സാംസ്കാരിക പരിപാടികളോടെ നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഇന്ത്യയിലും വിദേശത്തുമുള്ള 200ലധികം പ്രമുഖ പ്രസാധകർ പങ്കെടുക്കും. സാഹിത്യ സംവാദങ്ങൾ, സെമിനാറുകൾ, സാഹിത്യ സാംസ്കാരിക നേതാക്കളുമായുള്ള അഭിമുഖങ്ങൾ, ചർച്ചകൾ, സിംപോസിയങ്ങൾ എന്നിവയും നടക്കും.
പ്രസാധകരുടെ പുസ്തക പ്രകാശനങ്ങൾ, സാഹിത്യകാര·ാർ സ്വന്തം കൃതികളിൽ കൈയ്യൊപ്പു നൽകുന്ന പരിപാടികൾ, പുസ്തക ചർച്ചകൾ, നിമിഷകവിതാരചനാ മത്സരം, വിദ്യാർഥികൾക്കായുള്ള വിവിധതരം മത്സരങ്ങൾ, കാർട്ടൂണ് ശിൽപശാലകൾ, ഫോട്ടോപ്രദർശനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തും. സായാഹ്നങ്ങളിൽ കേരളത്തിന്റെ തനതു കലകളുടെ ആവിഷ്കരണങ്ങൾ, സിനിമാ സീരിയൽ കലാകാര·ാരുടെ സാന്നിധ്യം ശ്രദ്ധേയമാകും.
എംജി സർവകലാശാല ഏർപ്പെടുത്തിയ ദേശീയ പുസ്തക അവാർഡുകൾ നൽകും. 2018 നവംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് ദേശീയ പുസ്തക അവാർഡിനായി പരിഗണിക്കുക. അച്ചടി മികവ്, കവർ രൂപകൽപ്പന, പ്രസാധനം, മുദ്രണം തുടങ്ങിയ മേഖലകൾ പരിഗണിക്കും. മികച്ച ബാലസാഹിത്യ പ്രസിദ്ധീകരണം (ഇംഗ്ലീഷ്/മലയാളം), മികച്ച സയൻസ് ഫിക്ഷൻ (ഇംഗ്ലീഷ്/മലയാളം) 2015 ജനുവരി മുതൽ, മികച്ച കൃഷിയും ജലകൃഷിയുമായി ബന്ധപ്പെട്ട പുസ്തകം (മലയാളം, ഇംഗ്ലീഷ്) 2015 ജനുവരി മുതൽ എന്നിവയ്ക്ക് ദർശന സാംസ്കാരിക കേന്ദ്രം അവാർഡ് നൽകും.
അവാർഡിനായി പരിഗണിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകരും വ്യക്തികളും പുസ്തകങ്ങളുടെ രണ്ട് കോപ്പി വീതം ഓഫീസിൽ നവംബർ അഞ്ചിനു മുന്പ് ഏൽപ്പിക്കണം. എംജി സർവകലാശാല, ജില്ലാഭരണകൂടം, കോട്ടയം നഗരസഭ, കോട്ടയം ജില്ലാപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണു പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.പുസ്തക പ്രസാധകർക്കുള്ള സ്റ്റാൾ രജിസ്ട്രേഷൻ ആരംഭിച്ചു. www.darsanabookfair.com, [email protected]. ഫോണ്: 0481 -2564755, 9447008255.