റെനീഷ് മാത്യു
കണ്ണൂർ: മലയാളത്തിലെ ബാലതാരമായ സനൂപിന്റെ പേരിൽ ചലച്ചിത്രനടിമാരെയും റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും ഫോണിൽ വിളിച്ചു സല്ലപിച്ച മലപ്പുറം പൊന്നാനി സ്വദേശി രാഹുലിനെ (22) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബി.എസ്. ബാബിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ് കണ്ണാടിപ്പറന്പ്, ബാബു പ്രസാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
സനൂപിന്റെ അച്ഛൻ സന്തോഷ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സനൂപും സനൂഷയും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു ഫോണിന്റെ വാട്സാപ്പ് ഡിപി ചിത്രമായി രാഹുൽ ഉപയോഗിച്ചിരുന്നത്. സനൂപ് വിളിക്കുന്നതായി ചലച്ചിത്ര നടിമാർ സനൂഷയോട് പറയുകയായിരുന്നു. തുടർന്ന് ഇത് മറ്റാരോ ആണ് വിളിക്കുന്നതെന്ന് കണ്ടെത്തുകയും പരാതി നല്കുകയും ആയിരുന്നു.
കൊച്ചു കൊച്ചു സംഭാഷണങ്ങൾ
ചേച്ചി പല്ല് പറിക്കുന്പോൾ വേദന ഉണ്ടാകുമോ… ചേച്ചിയുടെ പാൽ പല്ല് കൊഴിഞ്ഞപ്പോൾ വേദന ഉണ്ടായിരുന്നോ… എന്നിങ്ങനെ കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് രാഹുൽ സനൂപിന്റെ പേരിൽ നടിമാരുമായി നടത്തി കൊണ്ടിരുന്നത്. സനൂപാണെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു നടിമാർ മറുപടി നല്കിയിരുന്നതും. പിന്നെ, ചില ചോദ്യങ്ങളിൽ സംശയം തോന്നിയതിനാലാണ് സനൂഷയോട് നടിമാർ പറഞ്ഞതും. ഒരു നടിയിൽ നിന്നുമാണ് മറ്റ് നടിമാരുടെ ഫോൺ നന്പർ സംഘടിപ്പിച്ചിരുന്നത്.
രാത്രിയിലും പകലുമായിട്ട് നിരവധി കോളുകളാണ് സനൂപിന്റെ പേരിൽ നടിമാരുടെ ഫോണിലേക്ക് എത്തിയത്. ഒരു ടെലിവിഷൻ ചാനലിലെ സരിഗമ റിയാലിറ്റി ഷോയിൽ പങ്കെടുത്ത പെൺകുട്ടികളായ മത്സരാർഥികളെയും സനൂപിന്റെ പേരിൽ വിളിച്ച് ഇയാൾ ഫോണിലൂടെ സല്ലപിച്ചിരുന്നു. അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുൽ ഫോണിൽ വിളിച്ച് പറ്റിച്ചത്.
കുടുക്കിയത് സൈബർ അന്വേഷണം
കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ ബി.എസ്. ബാബിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ് കണ്ണാടിപ്പറന്പ്, ബാബു പ്രസാദ് എന്നിവർ ഒരു മാസം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. സിം കാർഡിന്റെ ഉടമയെ തേടിയുള്ള അന്വേഷണത്തിൽ പോലീസ് എത്തിച്ചേർന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാർഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് പോലീസിനു മനസിലായി.
വീട് പൊളിക്കുന്പോൾ തങ്ങളുടെ സിം കാർഡ് നഷ്ടപ്പെട്ടതായി വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ടു വർഷം മുൻപായിരുന്നു വീട് പൊളിച്ചത്. തുടർന്ന് വീട് പൊളിച്ച എല്ലാ തൊഴിലാളികളെയും വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. ഇവരുടെ ഫോൺകോളുകളുടെ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവരാരും പ്രതികളെല്ലെന്ന് പോലീസിനു മനസിലായി.
പൊന്നാനിയിലെ ഒരു ടവർ ലൊക്കേഷന്റെ പരിധിയിൽ നിന്നാണ് ഫോൺകോളുകൾ വരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന് കൊണ്ടിരുന്നു. ഇതിനിടയിൽ പൊന്നാനി സ്വദേശിയായ ഒരു യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.
എന്നാൽ, ഇയാളുടെ ഫോൺ നന്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ടവർ ലൊക്കേഷൻ പൊന്നാനി അല്ലെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു കൊണ്ടിരുന്നു. അവസാനം പൊന്നാനി സ്വദേശിയായ രാഹുലിനെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
നടിമാരെ ഫോണിൽ വിളിക്കാൻ രാഹുൽ സഞ്ചരിച്ചത് 9 കിലോമീറ്റർ
സനൂപിന്റെ പേരിൽ നടിമാരെ വിളിക്കാൻ പ്രതി സഞ്ചരിച്ചത് വീടിനടുത്ത് നിന്ന് ഒൻപതു കിലോമീറ്റർ അകലേക്ക്. ടവർ ലൊക്കേഷൻ നോക്കി പോലീസ് തന്നെ പിടിക്കാതിരിക്കാനാണ് ഇയാൾ കിലോമീറ്ററുകൾ സഞ്ചരിച്ചതിനു ശേഷം ഫോണിൽ നടിമാരെ വിളിച്ചത്. വിളിച്ചതിനു ശേഷം ഫോൺ അവിടെ സൂക്ഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ടു വർഷം മുന്പ് വീണു കിട്ടിയ സിം ഉപയോഗിച്ചായിരുന്നു ഫോൺവിളിയും. വിദേശ നിർമിത ഫോൺ ആണ് രാഹുൽ ഉപയോഗിച്ചത്.