കൊച്ചി: മരടിലെ ആൽഫ സെറീനിന്റെ രണ്ടു ടവറുകൾ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കു പിന്നാലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഇന്ന് ആരംഭിച്ചേക്കും. മുംബൈയിലെ എഡിഫിസ് എൻജിനീയേഴ്സ് എന്ന കന്പനിക്കാണ് എച്ച്ടുഒ പൊളിക്കുന്നതിനുള്ള കരാർ. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിന് മുന്നോടിയായി ഫ്ളാറ്റിനുള്ളിലെ ഫിറ്റിംഗ്സുകളും പാനലുകളും പൊളിച്ചു മാറ്റുന്ന പണികളാണ് പ്രാരംഭഘട്ടത്തിൽ നടക്കുന്നത്. ആൽഫ സെറീനിലെ ഇത്തരം പ്രവൃത്തികൾ ഇന്നും തുടരുന്നുണ്ട്.
ചെന്നൈയിലെ വിജയ് സ്റ്റീൽസാണ് ആൽഫ സെറീൻ പൊളിക്കുന്നത്. എച്ച്ടുഒ ഫ്ളാറ്റിന് പുറമേ ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത് മുംബൈയിലെ എഡിഫിസ് എൻജിനീയേഴ്സാണ്. ഇവരുടെ തൊഴിലാളികൾ ഫ്ളാറ്റുകളിൽ എത്തിയിട്ടുണ്ട്. കരാറിൽ ഒപ്പിടുന്നതോടെ പൊളിക്കൽ ഒൗദ്യോഗികമായി ആരംഭിക്കും. ഇതിനു മുന്നോടിയായി ടെസ്റ്റ് പൊളിക്കലുണ്ടാകും.
പരിസരവാസികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കും ഫ്ളാറ്റുകൾ പൊളിക്കുക. പരിസരത്ത് ഒരു നാശവും ഉണ്ടാകില്ലെന്ന് കന്പനികൾ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിന്റെ വിശദ രൂപരേഖ പത്തു ദിവസത്തിനകം സമർപ്പിക്കാൻ പൊളിക്കൽ കന്പനികളോട് സർക്കാരിന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. അത് അടുത്തയാഴ്ച ലഭിച്ചേക്കും.
ഇതു പരിശോധിച്ച് സമിതി അംഗീകാരം നൽകും. സുരക്ഷിത പൊളിക്കലിന്റെ രൂപരേഖയും സമർപ്പിക്കാൻ കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഡോറിലേക്ക് മടങ്ങിയ സ്ഫോടന വിദഗ്ധൻ ശരത് ബി. സർവാതെ 28-ന് വീണ്ടുമെത്തുമെന്നാണ് അറിയുന്നത്.അതേസമയം, ജെയ്ൻ ഹൗസിംഗിന്റെ ഉടമ സന്ദീപ് മേത്തയെ കണ്ടെത്തുന്നതിനായി മേത്തയുടെ ചെന്നൈയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
സന്ദീപ് മേത്തയോട് കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അന്വേഷണ സംഘം വ്യാഴാഴ്ച ഉച്ചയോടെ ചെന്നൈയിലെത്തി. തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ റെയ്ഡ് നടത്തിയത്. ജെയ്ൻ ഹൗസിങ് എം.ഡി സന്ദീപ് മേത്തയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി.
എന്നാൽ, വിവരം അറിഞ്ഞ മേത്ത ചെന്നൈയിൽ നിന്ന് കടന്നതായാണ് വിവരം. ഇയാൾക്കായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രൈംബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. നിലവിൽ ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ് അടക്കമുള്ളവർ മൂവാറ്റുപുഴ സബ്ജയിലിലാണ്.
അതിനിടെ, മരട് ഫ്ളാറ്റിലെ 143 അപേക്ഷകരിൽ 58 പേർക്ക് നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മരട് നഷ്ടപരിഹാര സമിതി യോഗത്തിൽ തീരുമാനമായി. 125 പുതിയ അപേക്ഷകൾ കൂടി ലഭിച്ചുവെന്ന് സമിതി അറിയിച്ചു. ഇതോടെ ആകെകിട്ടിയ അപേക്ഷയുടെ എണ്ണം 143 ആയി. ഇതിൽ 58 പേർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. 85 അപേക്ഷകൾ ചൊവ്വാഴ്ച പരിഗണിക്കും.