തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ പുറത്തുവരുന്പോൾ ഉണ്ടയില്ലാ വെടിയാണെന്നാണ് സർക്കാർ വാദം. എന്നാൽ എല്ലാം ഉണ്ടയുള്ള വെടിയാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കൃത്യമായ മറുപടി പറയാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി ജലീലിനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയില്ല. സത്യം ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ ഫലം വന്നശേഷം മാർക്ക് കൂട്ടി നൽകാൻ സാധിക്കില്ലെന്ന തന്റെ വാദം അംഗീകരിക്കുന്നതാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ വൈസ് ചെയർമാൻ രാജൻ ഗുരുകളുടെ പ്രസ്താവന.
ജലീൽ ചെയർമാനായിട്ടുള്ള കൗണ്‍സിലിന്റെ വൈസ് ചെയർമാനാണ് മന്ത്രിയുടെ വാദങ്ങൾ തള്ളിയത്. ഇനി എങ്ങനെ ജലീലിന് മന്ത്രി പദവിയിൽ തുടരാൻ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു. ജലീലിനെതിരെ ജൂഡീഷൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ വർഗീയ ധ്രൂവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. തോൽവി ഉറപ്പായതോടെയാണ് സിപിഎം വർഗീയ കാർഡ് ഇറക്കുന്നത്. ജനപിന്തുണ അവകാശപ്പെടാൻ എൽഡിഎഫിനാകില്ല. വികസന രംഗത്ത് പരാജയപ്പെട്ട സർക്കാരാണ് നിലവിലേത്. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.