പുതുക്കാട് : പാലിയേക്കര ടോൾ പ്ലാസയുടെ സമാന്തരപാതയായ മണലി മടവാക്കര റോഡ് തകർന്നു. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കി പോകാനുള്ള റോഡാണ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. മണലി പുഴയോരത്തുകൂടി പോകുന്ന രണ്ട് കിലോമീറ്ററിലേറെ ദൂരമുള്ള റോഡ് പലയിടങ്ങളിലും താഴ്ന്ന നിലയിലാണ്.
കുഴികളിൽ വെള്ളവും ചെളിയും നിറഞ്ഞ് കാൽനട പോലും ദുഷ്ക്കരമായ അവസ്ഥയിലാണ്. നെൻമണിക്കര പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. റോഡ് നന്നാക്കാത്തത് ടോൾ കന്പനിയെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപണികൾ നടത്താനായി നിരവധി തവണ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച വന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.
ലക്ഷങ്ങൾ ചിലവ് വരുന്ന പദ്ധതിയായതിനാൽ റോഡ് നിർമ്മാണത്തിന് പഞ്ചായത്തിന് ഫണ്ട് വകയിരുത്താൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. പുഴയോരമായതിനാൽ സാധാരണ ടാറിംഗ് നടത്തിയാൽ മാസങ്ങൾക്കുള്ളിൽ വീണ്ടും റോഡ് തകരുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ. മെക്കാഡം ടാറിംഗ് പോലെ അത്യാധുനിക സംവിധാനത്തിൽ റോഡ് നവീകരിക്കാൻ സർക്കാർ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തുന്നതായും പറയുന്നു. ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മണലി പാലത്തിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് ഈ റോഡിലൂടെ രണ്ട് കിലോമീറ്ററിലേറെ സഞ്ചരിച്ചാൽ ടോൾപ്ലാസക്ക് അപ്പുറം പാലിയേക്കര സെന്ററിൽ എത്തി ദേശീയപാതയിലേക്ക് വീണ്ടും പ്രവേശിക്കാം. നിലവിൽ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.
ചരക്ക് ലോറികളും ഭാരവാഹനങ്ങളും ടോൾ ഒഴിവാക്കി പോകുന്നത് ഇതിലൂടെയാണ്. വർഷാവർഷം ഉണ്ടാകുന്ന ടോൾ നിരക്ക് വർധന മൂലം ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ചു. ടോൾ കന്പനിക്കെതിരെയുള്ള യാത്രക്കാരുടെ പ്രതിഷേധമായും വാഹനങ്ങൾ മണലി മടവാക്കര റോഡ് ഉപയോഗിക്കുന്നുണ്ട്. എത്രയും വേഗം അധികൃതർ ഇടപ്പെട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.