കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യസിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ജോളി ജോസഫിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്ന് താമരശേരി കോടതിയില്‍ ജോളിയെ ഹാജരരാക്കുമ്പോള് തന്നെ കസ്റ്റഡി അപേക്ഷയും സമര്‍പ്പിക്കും. ഇന്ന് പൊഡ്രക്ഷന്വാറണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. നാളെ ഞായറാഴ്ചയായതിനാല്‍ തിങ്കളാഴ്ച ജില്ലാജയിലില്‍ എത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.
സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷന് സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജില്ലാജയിലില്‍ എത്തി ഇന്നലെ ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. സിലി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘത്തിന് ഇന്നലെ താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) അനുമതി നല്‍കിയിരുന്നു.
അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിന് ബേബി മുഖേന വെള്ളിയാഴ്ച രാവിലെ നല്കിയ അപേക്ഷയിലാണ് താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) അനുമതി നല്‍കിയത്. റോയ് വധക്കേസിലെ പ്രതികളായ പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), ജോളിക്ക് സയനൈഡ് എത്തിച്ചുനല്‍കിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44) എന്നിവരാണ് സിലി വധക്കേസിലെയും ഒന്നും രണ്ടും പ്രതികള്‍.
ഇതില്‍ ജോളിയുടെ അറസ്റ്റ് മാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് ചേര്‍ത്ത് നല്കി കൊലപ്പെടുത്തിയ കേസിലാണ് പുതിയ അറസ്റ്റ്.മറ്റ്കേസുകളുമായി ബന്ധപ്പെട്ടു ജോളിയില്‍നിന്ന് ഇനിയും വിവരം ശേഖരിക്കാനുണ്ട്.
റോയ് വധക്കേസിലെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ഈ കേസില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനാണു പുതിയ കേസിലെ അറസ്റ്റ്. റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആല്ഫൈന് എന്നിവരുടെ മരണത്തില്‍ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസും എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും ഒടുവില്‍ നടന്ന മരണം സിലിയുടേതാണ്. അതേസമയം ജോളിയുടെ ഭര്‍ത്താവ് റോയി കൊല്ലപ്പെടുന്നതിന് മുന്‍പ് വന്‍ തുക തട്ടിയതായി സംശയിക്കുന്ന കട്ടിപ്പാറ സ്വദേശിയെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നറിയുന്നു.
പിതാവ് ടോം തോമസ് വീടുവയ്ക്കാനായി നല്കിയ 16 ലക്ഷം രൂപയില്‍ പത്ത് ലക്ഷം റോയി ഇയാള്‍ മുഖേന സ്ഥലം വാങ്ങാനായി അഡ്വാന്‍സ് നല്‍കിയിരുന്നു. റോയി കൊല്ലപ്പെട്ടതിനുശേഷം എഗ്രിമെന്റ് ഇയാളുടെ പേരിലേക്ക് മാറ്റി പണം തട്ടിയെന്നാണ് ആക്ഷേപം. റോയിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തനെ്റ വായ അടച്ചതെന്നും ജോളി മൊഴി നല്‍കിയിരുന്നു.
സിലിയുടെ മകന്റെ മൊഴിയെടുക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യസിലി സെബാസ്റ്റ്യനെ (43) കൊലപ്പെടുത്തിയ കേസില്‍ തുടര്‍ അന്വേഷണവുമായി പോലീസ്. ഇന്ന് സിലിയുടെ മകന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. വീട്ടിലെത്തിയായിരിക്കും മൊഴിയെടുക്കുക.