കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിലെ മുഖ്യപ്രതിയും പൊന്നാമറ്റത്തിൽ ഷാജുവിന്റെ രണ്ടാംഭാര്യയുമായ ജോളി തന്നെ പലതവണ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന് ഷാജു-സിലി ദന്പതികളുടെ മൂത്തമകന്റെ മൊഴി.
സിലിവധകേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ.സിജു ആൽഫൈനിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവന്പാടി ഇൻസ്പെക്ടർ ഷാജു ജോസഫ് എന്നിവർ സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെക്കുറിച്ച് പത്താം ക്ലാസ് വിദ്യാർഥിയായ ബാലൻ തുറന്നുപറഞ്ഞത്. അമ്മ സിലി ജീവിച്ചിരുന്നകാലത്ത് വീട്ടിൽ വലിയ സന്തോഷമായിരുന്നു.
അനുജത്തി ആൽഫൈൻ 2014 മേയ് മൂന്നിന് മരിച്ചതിനുശേഷം അമ്മ വളരെ ദുഃഖിതയായിരുന്നു. മുൻപത്തേക്കാളും എന്നോട് കൂടുതൽ സ്നേഹം ഉണ്ടായി. പൊന്നുമോനെ, ഇനി നീ മാത്രമെ ഞങ്ങൾക്കുള്ളൂ എന്ന് ഇടയ്ക്കിടെ കെട്ടിപ്പിടിച്ച് അമ്മ പറയുമായിരുന്നു. 2016 ജനവരി 11ന് അമ്മയും മരിച്ചു. അന്നുചില സംശയങ്ങൾ ബന്ധുക്കൾ തമ്മിൽ സംസാരിക്കുന്നത് കേട്ടിരുന്നു.
കൃത്യം ഒരുവർഷം കഴിഞ്ഞ് പിതാവ് ഷാജുവും ജോളിയും തമ്മിൽ വിവാഹിതരായി. അമ്മ എന്നുതന്നെയാണ് ഞാൻ അവരേയും വിളിച്ചിരുന്നത്. അധികം വൈകാതെ പുലിക്കയത്തെ ഞങ്ങളുടെ വീട്ടിൽനിന്ന് അമ്മയും പിതാവും കൂടത്തായിയിലെ അവരുടെ വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ എന്നെയും കൂടെ കൊണ്ടുപോയി. വല്ല്യപ്പനും ഇതിനെ അനുകൂലിച്ചു. കൂടത്തായിയിലെ വീട്ടിൽ അപരിചിതനെപോലെയാണ് ഞാൻ ജീവിച്ചത്.
അമ്മ സിലിയുടെ ബന്ധുക്കൾ എനിക്ക് സമ്മാനിച്ച വിലകൂടിയ വസ്ത്രങ്ങളും ഷൂസും മറ്റും രണ്ടാനമ്മ അവരുടെ മക്കൾക്ക് എടുത്തുകൊടുത്തു. എല്ലാകാര്യത്തിലും തരംതിരിവുണ്ടായി. പിതാവിനോട് ഇതെല്ലാം തുറന്നുപറയാൻ എനിക്ക് ധൈര്യമുണ്ടായില്ല.
ജോളിയമ്മ രാത്രി വൈകി ഫോൺ ചെയ്യുന്നത് പലപ്പോഴും കണ്ടിരുന്നു. സൗകര്യപൂർവം ഫോൺ ചെയ്യുന്നതിനായി ജോളിയമ്മ ഡ്രോയിങ്ങ് മുറിയിലെ സോഫയിലാണ് രാത്രി കിടന്നിരുന്നത്. അമ്മയുണ്ടായിരുന്നപ്പോൾ ഞാനുഭവിച്ച സൗഭാഗ്യങ്ങളോർത്ത് പലരാത്രികളിലും കരഞ്ഞു പ്രാർഥിച്ചിട്ടുണ്ട്.
ഒടുവിൽ അവിടെ നിൽക്കക്കള്ളിയില്ലാതെ ഞാൻ പുലിക്കയത്തെ പിതൃഭവനത്തിലേക്ക് താമസം മാറ്റി. രണ്ടാനമ്മയുമൊത്ത് കൂടത്തായിയിലെ വീട്ടിൽ താമസിക്കാൻ ചില ഉറ്റബന്ധുക്കൾ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല. ഇടയ്ക്ക് ജോളിയമ്മ പുലിക്കയത്തിലെ വീട്ടിലും വരുമായിരുന്നു.
ഗത്യന്തരമില്ലാതെ ഒരുദിവസം അവരോട് വഴക്കിട്ട് അമ്മ സിലിയുടെ ബന്ധുവീട്ടിലേക്ക് പോന്നതാണെന്നും മകൻ മൊഴിനൽകി. കുറച്ചുകാലമായി സിലിയുടെ ബന്ധുവീട്ടിലാണ് മകൻ താമസിക്കുന്നത്. സിലിവധക്കേസിൽ കൂടുതൽ അറസ്റ്റിലേക്ക് നയിക്കുന്ന ചില നിർണായകവിവരങ്ങൾ അന്വേഷണസംഘത്തിന് സിലിയുടെ മകനിൽനിന്ന് ലഭിച്ചിട്ടുണ്ട്.