കാഞ്ഞിരപ്പള്ളി: കിഴക്കൻമല ഇറങ്ങി വരുന്ന, രാത്രിയിൽ സുഖനിദ്രയിലായിരിക്കുന്ന യാത്രക്കാർക്ക് വില്ലനായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പിന്റെ സ്പെഷൽ സ്ക്വാഡാണ് വാഹന പരിശോധനയുടെ മറവിൽ യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപണം ഉയർന്നിരിക്കുന്നത്.
കുട്ടിക്കാനം ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ലഹരി വസ്തുക്കൾ കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനകൾ നടത്തുന്നത്. ഇരുട്ടിന്റെ മറവിൽ വാഹനം ഒതുക്കിയിട്ടാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന. കുട്ടികളുമായി ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ പോലും പരിശോധനയ്ക്ക് വിധേയമാക്കുന്നു.
ദീർഘദൂര യാത്രക്കാർക്കാണ് ഏറെ ദുരിതം. കോട്ടയത്തെത്തി ട്രെയിനിലും മറ്റും യാത്രചെയ്യേണ്ടവർ ഉദ്യോഗസ്ഥരുടെ പരിശോധന മൂലം വൈകിയാണ് എത്തുന്നത്. ഇക്കാരണത്താൽ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ടുകയാണ്. കോട്ടയത്തു നിന്നും ചങ്ങനാശേരിയിൽ നിന്നും പുറപ്പെടുന്ന ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യേണ്ടവർക്കാണ് ദുരിതം കൂടുതലും.
ബസ് യാത്രക്കാർ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡും മറ്റ് രേഖകളും കാണിച്ചാൽ പോലും ഇവർ വെറുതെ വിടാറില്ല. വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയാണ് പലപ്പോഴും സ്തീകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാഗുകളും മറ്റും വാരിവലിച്ചിട്ട് മടങ്ങുന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താൽ പരിശോധന വീണ്ടും നടത്തി മാനസികമായി പീഡിപ്പിക്കുകയും ബസ് യാത്രക്കാരുടെ മുന്പിൽ അപമാനിക്കുകയും ചെയ്യും. ഇത്തരം പരിശോധനയ്ക്കെതിരേ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം പത്തനംതിട്ടയ്ക്കുള്ള കാർ യാത്രക്കാരെ മുണ്ടക്കയത്തിനടുത്ത് തടഞ്ഞിട്ട് പരിശോധിച്ചിരുന്നു. തുടർന്ന് ഇവർ സാധനങ്ങൾ വാങ്ങാൻ മുണ്ടക്കയം ഭാഗത്തേക്ക് പോയി. ഇതു കണ്ട ഉദ്യോഗസ്ഥർ അമിത വേഗതയിലെത്തി വാഹനം തടഞ്ഞ് വീണ്ടും പരിശോധന നടത്തി. നാട്ടുകാർ കൂടിയതോടെ പരിശോധന നിർത്തി ഉദ്യോഗസ്ഥർ മുങ്ങുകയായിരുന്നു.
ഇടയ്ക്ക് സ്ഥിരമായി കഞ്ചാവ് വിൽക്കുന്നവരെ പിടികൂടുന്നതല്ലാതെ വലിയ വിൽപ്പനക്കാരെ രക്ഷപ്പെടുത്തുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഒരു കിലോ കഞ്ചാവിൽ കൂടുതൽ കൈവശം വച്ചാൽ ശിക്ഷ കൂടുമെന്നതിനാൽ പണം വാങ്ങി കേസ് ഒതുക്കുകയാണെന്ന് ആരോപണമുണ്ട്.