ചെറുവത്തൂർ: മയ്യിച്ചയിലെ ഉത്തമന്റെ ചായക്കടയിൽ ആർക്കും ഇതുവരെ സാന്പത്തിക പ്രതിസന്ധിയും വിലക്കയറ്റവുമൊന്നും അനുഭവപ്പെട്ടിട്ടില്ല. മറ്റിടങ്ങളിലെ വില മാറിക്കൊണ്ടിരിക്കുന്പോഴും സ്ഥിരമായി അഞ്ചു രൂപക്ക് ചായയും പലഹാരവും കിട്ടുന്നുവെന്നതാണ് ഈ ചായക്കടയുടെ പ്രത്യേകത. മയ്യിച്ച വയല്‍ക്കര ഭഗവതി ക്ഷേത്രപരിസരത്തുള്ള ഈ ചായക്കട തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചായയുടെയോ കടിയുടെയോ വിലയില്‍ ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ദേശീയ പാതയോരത്തു നിന്ന് മയ്യിച്ച പാലം കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ഉത്തമന്റെ ചായക്കട. പേരിനുപോലും പേര് വയ്ക്കാത്ത ഓലമേഞ്ഞ ചെറിയൊരു കുടിൽ. വിസ്തരിച്ചിരിക്കാൻ മേശയും കസേരയുമൊന്നുമില്ല. ആകെ ഉള്ളത് ചെറിയൊരു ബെഞ്ചും രണ്ട് ഡെസ്കും മാത്രം.
രാവിലെ പൂരിയും ബാജിയും പുട്ടും പയറുമാണ് വിഭവങ്ങൾ. വൈകുന്നേരം പഴംനിറച്ചതും ഈന്തപ്പഴം ചേര്‍ത്ത സ്പെഷല്‍ ബോണ്ടയും കാണും. ചായ ഉണ്ടാക്കുന്നതും പഞ്ചസാര ഇടുന്നതും പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതും എല്ലാം ഒരാള്‍ തന്നെ.
പണിക്കാർക്ക് കൂലി കൊടുക്കാനുള്ള വകയൊന്നും ഇതില്‍നിന്ന് കിട്ടാനില്ലെന്ന് ഉത്തമന്റെ ന്യായം. താൻ ഒറ്റയ്ക്കായാലും വരുന്നവര്‍ക്ക് മനസുനിറഞ്ഞ് ചായയും കടിയും കിട്ടുന്നുണ്ടല്ലോ എന്ന ആത്മവിശ്വാസവും. അതും പണ്ടുള്ള അതേ വിലയില്‍ തന്നെ. ആറു വർഷം കഴിഞ്ഞു ഇവിടെ ചായക്കട നടത്താൻ തുടങ്ങിയിട്ട്.
സ്ഥിരമായി വരുന്നവരുടെ രുചി താത്പര്യങ്ങൾ പോലും ഇദ്ദേഹത്തിന് മനഃപാഠമാണ്. പുലർച്ചെ നാലിന് കട തുറന്നാല്‍ ആളുകള്‍ വരുന്നതിനനുസരിച്ച് കച്ചവടം നീളും. ഉത്തമൻ ചായക്കച്ചവടം തുടങ്ങിയിട്ട് 16 വര്‍ഷമായി. ഇതിലെ വരുമാനത്തില്‍ നിന്ന് ഇതുവരെ പണമായിട്ട് കൂടുതലൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ ഒരുപാടുപേരുടെ സ്നേഹത്തിനും സംതൃപ്തിക്കും വിലയിടാനാവില്ലല്ലോ എന്ന് ഉത്തമൻ പറയുന്നു.